അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും

single-img
9 February 2018

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശനത്തിനായി നാളെ എത്തും. വൈകിട്ട് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും. ദുബായില്‍ ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഫെബ്രുവരി പതിനൊന്നിന് പ്രധാനമന്ത്രി പ്രസംഗിക്കും.

അബുദാബിയില്‍ ക്ഷേത്രത്തിനു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തറക്കല്ലിടും. അബുദാബി നഗരത്തില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ ഉള്ള അല്‍ റഹ്ബയിലാണ് ക്ഷേത്രം വരുക. തറക്കല്ലിടല്‍ ദിവസം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക ഭൂമി പൂജയും നടക്കും.

രാവിലെ 10.30 നു ആണ് പൂജ നടക്കുക. അബുദാബി സര്‍ക്കാര്‍ അനുവദിച്ച അന്‍പത്തി അയ്യായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ക്ഷേത്ര സമുച്ചയം ഉയരുന്നത്. അന്‍പത്തി രണ്ട് രാജ്യങ്ങളിലായി ആയിരത്തി ഇരുന്നൂറോളം ക്ഷേത്രങ്ങള്‍ പണിത ബൊച്ചാസന്‍വാസി അക്ഷര്‍ പുരുഷോത്തം എന്ന പ്രസ്ഥാനമാണ് അബുദാബിയിലെ ക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

സന്യാസിയായ ഈശ്വര്‍ ദാസ് സ്വാമിയുടെയും, സാധു ബ്രഹ്മ വികാരി ദാസ് സ്വാമിയുടെയും നേതൃത്വത്തിലാണ് പൂജ നടക്കുക.
ക്ഷേത്രത്തിന്റെ ശിലാ പൂജ പ്രധാന മന്ത്രി നരേന്ദ്ര മോദി ദുബായില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ശിലാപൂജയുടെ തത്സമയ വീഡിയോ ഭൂമി പൂജാ സമയത് പ്രദര്‍ശിപ്പിക്കും.

രണ്ടായിരത്തി ഇരുപതോടെ ക്ഷേത്രം പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാതിമത ഭേതമന്യേ ഏവര്‍ക്കും സന്ദര്‍ശിക്കാവുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമായാണ് അബുദാബിയില്‍ ക്ഷേത്ര സമുച്ചയം ഉയരുന്നത്.