സെര്‍ച്ചില്‍ പക്ഷപാതം: ഗൂഗിളിന് കോടികളുടെ പിഴ

single-img
9 February 2018


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജനപ്രിയ സെര്‍ച് എന്‍ജിനൊക്കെയാണ്. പക്ഷേ പക്ഷപാതം അല്‍പം കൂടിപ്പോയി. ഫലമോ 136 കോടി രൂപയുടെ ഭീമന്‍ പിഴ. നമ്മളെല്ലാവരും ദിവസവും ആശ്രയിക്കുന്ന ഗൂഗിള്‍ ആണ് ഈ വന്‍ ‘പണി’ വാങ്ങിയത്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചത്. സെര്‍ച്ച് ഫലം നല്‍കുന്നതില്‍ പക്ഷപാതം കാട്ടുകയും തങ്ങളുടെ ഉന്നത സ്ഥാനത്തെ അതുവഴി ഗൂഗിള്‍ ചൂഷണം ചെയ്യുകയും ചെയ്തതായി കണ്ടത്തെി. ഇതിലൂടെ എതിരാളികള്‍ക്ക് ഉപയോക്താക്കള്‍ക്കും ഹാനി വരുത്തിയതായി കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, ഗൂഗിളിന്‍െറ പ്രത്യേക സെര്‍ച് ഡിസൈനിലും ആഡ്വേഡ്സിലും ഓണ്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ കരാറുകളിലും ലംഘനങ്ങളൊന്നും കണ്ടത്തെിയിട്ടില്ല. കമ്മീഷന്‍ ചൂണ്ടികാട്ടിയ ‘നേരിയ ആകുലതകള്‍’ പരിശോധിച്ച് വരികയാണെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. പരിശോധന നടന്ന ഭൂരിഭാഗം കാര്യങ്ങളിലും രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ളതാണെന്ന് കമ്മീഷന്‍ കണ്ടത്തെിയതായും വക്താവ് വിശദമാക്കി.

വൈവാഹിക പരസ്യ വെബ്സൈറ്റായ ഭാരത് മാട്രിമോണിയും കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്ന എന്‍.ജി.ഒയും 2012 ല്‍ നല്‍കിയ പരാതിയില്‍ തുടങ്ങിയ അന്വേഷണങ്ങള്‍ക്കാണ് ഈ വിധിയോടെ അവസാനമായിരിക്കുന്നത്. രണ്ടിനെതിരെ നാല് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് കമ്മീഷനില്‍ വിധി പറഞ്ഞത്. ഗൂഗിള്‍ 60 ദിവസത്തിനകം പിഴ അടക്കണം.
വിശ്വാസവഞ്ചനയുടെ പേരില്‍ ഗൂഗിളിന് പിഴ കിട്ടുന്നത് ആദ്യമായല്ല. എതിരാളികളെ തഴഞ്ഞ് തങ്ങളുടെ സ്വന്തം വിപണന സര്‍വീസുകള്‍ക്ക് അനുകൂല സെര്‍ച് സാഹചര്യങ്ങള്‍ നല്‍കുന്നു എന്നതിന്‍െറ പേരില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ കമ്മീഷന്‍ 2.4 ബില്യണ്‍ യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്.