ഇരുണ്ട നിറവും നീലക്കണ്ണുകളും; ബ്രിട്ടണിലെ ആദ്യകാല മനുഷ്യര്‍ ഇങ്ങനെയായിരുന്നു

single-img
8 February 2018

ഇരുണ്ട നിറവും നീലക്കണ്ണുകളും.. ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്റെ അസ്ഥികൂടത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള നിര്‍ണായക പഠനം നടത്തിയത്.പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്റെ മുഖവും പുനര്‍നിര്‍മിച്ചു. ഡച്ച് കലാകാരന്മാര്‍ ചേര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആദിമമനുഷ്യന്റെ മുഖം പുനര്‍നിര്‍മിച്ചത്.

മെസോലിത്തിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഹിമയുഗത്തിന്റെ അവസാന കാലഘട്ടത്തില്‍ യൂറോപ്പിലേക്ക് കുടിയേറിയതാകാനാണ് സാധ്യതയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.1903ല്‍ ഷെഡ്ഡാര്‍ മലനിരകളിലെ ഗുഹയില്‍ നിന്ന് ലഭിച്ച അസ്ഥികൂടത്തിലായിരുന്നു പരീക്ഷണം. ഡിഎന്‍എയില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് അസ്ഥികൂടത്തിന്റെ പഴക്കവും നിറവും മറ്റ് സവിശേഷതകളും കണ്ടെത്തിയത്. തലയോട്ടിയില്‍ നിന്ന് ഡിഎന്‍എ എടുത്തായിരുന്നു പരീക്ഷണം.

300 തലമുറകള്‍ക്കിപ്പുറം ബ്രിട്ടണിലുള്ള 10 ശതമാനമാളുകളെ ഈ പ്രാചീനമനുഷ്യനുമായി ബന്ധിപ്പിക്കാനാകുമെന്ന് കരുതുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു.