വടിവാൾ വെച്ച് കേക്ക് മുറിക്കുന്നതിനിടെ പോലീസ് ചാടിവീണു ;മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

single-img
8 February 2018


ചെന്നൈ: മലയാളി ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെ ചെന്നൈ
പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് പിടിയിലായത്.

ആഘോഷസ്ഥലം വളഞ്ഞ അന്‍പതു പേരടങ്ങിയ പൊലീസ് സംഘം തോക്കുചൂണ്ടിയാണ് ഇവരെ പിടികൂടിയത്. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടിരക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് പിറന്നാളാഘോഷത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ബിനുവിന്റെ പിറന്നാളാഘോഷത്തിനുവേണ്ടി നഗരത്തിലെ എല്ലാ ഗുണ്ടകളും ഒത്തുകൂടുന്നുണ്ടെന്നും അതിൽ പങ്കെടുക്കാന്‍ പോകുകയാണെന്നും മദൻ പോലീസിനു മൊഴിനല്‍കി.

തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. സര്‍വേശ് രാജിന്റെ നേതൃത്വത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് ആഘോഷ സ്ഥലം വളഞ്ഞത്.200 ലേറെ പേർ പങ്കെടുക്കാനെത്തിയ ആഘോഷം ആളൊഴിഞ്ഞ പ്രദേശത്താണ് നടന്നത്. സ്വകാര്യ കാറുകളിലായിരുന്നു പോലീസ് സംഘത്തിന്റെ വരവ്. പിറന്നാൾ ആണെങ്കിലും പതിവ് രീതികൾ ഉപേക്ഷിക്കാൻ കൂട്ടാക്കാതെ വടിവാൾ ഉപയോഗിച്ച് ബിനു കേക്ക് മുറിച്ചു.

അതിനിടെ തോക്കുമായി പൊലീസ് വളഞ്ഞതോടെ ഗുണ്ടകള്‍ ഓടിരക്ഷപെടാൻ ശ്രമിക്കുക ആയിരുന്നു.ആഘോഷത്തിന്റെ ഭാഗമായി നടന്ന മദ്യ സൽക്കാരത്തിന്റെ ഹാങ്ങ് ഓവറിലായിരുന്നു പലരും.
അതുകൊണ്ട് ഏറെ ദൂരമൊന്നും പോകാൻ സാധിച്ചില്ല. മുപ്പതിലേറെ പേരെ തോക്ക് ചൂണ്ടിയാണ് പിടികൂടിയത്.നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സമീപപ്രദേശങ്ങളില്‍ ഒളിച്ചിരുന്നവര്‍ പിടിയിലായത്.

എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.