സന്ദർശകർക്ക് നവ്യാനുഭവമായി അബുദാബി ഇന്നൊവേഷന്‍ വാരാചരണ പരിപാടി

single-img
8 February 2018

അബുദാബി: സന്ദർശകർക്ക് കൗതുകവും,വിജ്ഞാനവും സമ്മാനിച്ചുകൊണ്ട് ശാസ്ത്രപ്രതിഭകള്‍ അണിനിരന്ന അബുദാബി ഇന്നൊവേഷന്‍ വാരാചരണ
പരിപാടി. കുട്ടികളുടെ വലിയ ആശയങ്ങളും ആവിഷ്‌കാരങ്ങളും നേരിട്ട് കാണാനും പ്രോത്സാഹിപ്പിക്കാനും ആയിരങ്ങളാണ് അബുദാബി കോര്‍ണിഷിലെ പ്രദര്‍ശന നഗരിയില്‍ എത്തുന്നത്.

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടക്കുന്നത്.
കാറ്റാടിയന്ത്രത്തില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനം, പലതരം മാലിന്യ സംസ്‌കരണരീതികള്‍,പുത്തൻ സുരക്ഷാ യന്ത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികള്‍ ശാസ്ത്ര നഗരിയിൽ വിശദീകരിക്കുന്നു.

അബുദാബിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികളാണ് നവീനാശയങ്ങളുമായി പരിപാടിയുടെ ഭാഗമായത്. ഇതിൽ മിക്കവയും ഭാവി ഊർജ്ജരംഗത്ത് നടപ്പാക്കാവുന്ന ആശയങ്ങളും സുസ്ഥിര ഊർജ്ജത്തിന്റെ അനിവാര്യത ഓർമപ്പെടുത്തുന്ന നിർമ്മിതികളുമാണ്.

അടുത്ത തലമുറ ശാസ്ത്ര ബോധത്തെ എത്രമാത്രം മുറുകെപ്പിടിക്കും എന്നതിന്റെ തെളിവാണ് ഇന്നൊവേഷൻ വീക്ക്. ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹിക ജീവിതവും പരിസ്ഥിതി കാര്യങ്ങളുമെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുന്നു.

വൈകുന്നേരം നാല് മുതൽ പത്തു മണിവരെ നടക്കുന്ന പ്രദർശനത്തിന്റെ പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി എട്ട് മുതൽ 14 വരെ റാസ്‌ അൽ ഖൈമയിലും ഫുജൈറയിലും 15 മുതൽ 21 വരെ ഷാർജ, അജ്‌മാൻ, ഉം അൽ ഖുവൈൻ എന്നിവിടങ്ങളിലും 22 മുതൽ 28 വരെ ദുബായിലും ഇന്നൊവേഷൻ വാരാചരണം നടക്കും.