ബി.ജെ.പിയുടെ ഭരണം രാജ്യത്ത് ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു:മതേതര കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം.ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും തിരികെ കൊണ്ട് വന്ന് രാജ്യത്തെ പുനഃസ്ഥാപിക്കണമെന്നും സോണിയ പറഞ്ഞു.
നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന സമൂഹത്തിന്റെ ബഹുസ്വര സ്വഭാവമായിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാല്‍ ഇന്ന് അത് നശിപ്പിക്കപ്പെട്ടിരിക്കുന്നു- സോണിയ പറഞ്ഞു.കോണ്‍ഗ്രസ് പാർലമെന്ററി യോഗത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം.
രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്. അതിൽ യാതൊരു സംശയവുമില്ല. നിങ്ങൾ എന്നോടു കാണിച്ച അതേ വിശ്വസ്തതയോടും ഉൗർജസ്വലതയോടും കൂടിതന്നെ രാഹുലിനൊപ്പവും പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു- എംപിമാരുടെ യോഗത്തിൽ സോണിയ പറഞ്ഞു. 19 വർഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞത്.