‘വാട്‌സാപ്പില്‍ വരുന്ന മെസേജുകള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്’: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ

single-img
7 February 2018

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഭയാനകമായ അവസ്ഥ നിലവിലില്ലെന്ന് മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിക്കുമ്പോഴും സമൂഹ മാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് കര്‍ശന നിലപാട് സ്വീകരിക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റംചുമത്തി കേസെടുക്കും. സംശയം തോന്നുന്നവരെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.

വിഴിഞ്ഞത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയയാളെ പിടിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സത്യത്തില്‍ മാനസിക വൈകല്യമുള്ള ഒരാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി അമ്പതിലേറെ ദൃശ്യങ്ങളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ 99 ശതമാനവും വ്യാജമെന്നാണ് പൊലീസ് വിലയിരുത്തല്‍. വ്യാജ സന്ദേശങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നവരെ പിടികൂടാനാണ് പൊലീസിന്റെ തീരുമാനം.