സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തിനെതിരെ ക്യാമ്പയിനുമായി ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ മുന്‍ ജീവനക്കാര്‍

single-img
7 February 2018

സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗം യുവതലമുറയെ ദോഷകരമായി ബാധിച്ച് തുടങ്ങിയ സാഹചര്യത്തില്‍ പുതിയൊരു ക്യാമ്പയിന് തുടക്കം കുറിച്ചു. ഫേസ്ബുക്കിലെയും ഗൂഗിളിലെയും മുന്‍ ജീവനക്കാരായ രണ്ട് പേരാണ് ക്യാമ്പയിനിന് ചുക്കാന്‍ പിടിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ഇക്കാലത്ത് മൊബൈല്‍ഫോണ്‍ ഇല്ലാത്തവര്‍ വളരെ കുറവാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി സുലഭമായതോടെ 24 മണിക്കൂറില്‍, കൂടുതല്‍ സമയവും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സമയം ചെലവഴിക്കുകയാണ് ഭൂരിഭാഗവും. ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് കൂടുതലായി അടിമപ്പെട്ടിരിക്കുന്നത് ചെറുപ്പക്കാരാണ്.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവതലമുറയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ക്യാമ്പെയിനുമായി ഫേസ്ബുക്കിന്റെ നെടുംതൂണായ റോജര്‍ മക്‌നാമി, ഗൂഗിള്‍ ഡിസൈനര്‍ ട്രിസ്റ്റാന്‍ ഹാരിസ് എന്നിവര്‍ മുന്നോട്ട് വന്നത്.

ഡിജിറ്റല്‍ ശ്രദ്ധയും പ്രതിസന്ധിയും മറികടക്കുക, വ്യത്യസ്ത ദിശകളിലുള്ള ടെക്‌നോളജിയെ മനുഷ്യന്റെ ഗുണത്തിന് മാത്രം ഉപയോഗിക്കുക എന്നിവയാണ് ദി സെന്റര്‍ ഫോര്‍ ടെക്‌നോളജി ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ മനുഷ്യ മനസിനേയും സമൂഹത്തെയും ഹൈജാക്ക് ചെയ്യുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുവതലമുറയെ സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉത്തരവാദിത്തം ഗൗരവമായാണ് കാണുന്നതെന്നും അതിന്റെ ആദ്യപടി സ്വീകരിച്ചിരിക്കുകയാണെന്നും റോജര്‍ മക്‌സനമീയും ട്രിസ്റ്റന്‍ ഹാരിസും പറഞ്ഞു. ക്യാമ്പയിനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് മില്യണ്‍ ഡോളറാണ് ഇതുവരെ ലഭിച്ചത്.

55,000 യുഎസ് സ്‌കൂളുകള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ബോധവത്കരിക്കുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പല കമ്പനികളും നീക്കം ആരംഭിച്ചിട്ടുണ്ട്. ഐഫോണ്‍, ഐപാഡ് എന്നിവയില്‍ കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആപ്പിളിലെ നിക്ഷേപകര്‍ തന്നെ ജനുവരിയില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. അതിനെല്ലാം പുറമെ, കുട്ടികളെ ലക്ഷ്യം വെച്ചുള്ള മെസേജിങ് സര്‍വ്വീസ് നിര്‍ത്തണമെന്ന് നൂറ് മെന്റല്‍ ഹെല്‍ത്ത് വിദഗ്ധര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.