ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം വിജയകരം

single-img
7 February 2018

https://www.youtube.com/watch?v=0KSr1RBsB4s

ഫ്‌ളോറിഡ: ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണത്തോടെ പറന്നുയര്‍ന്ന ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം വിജയകരം. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് ആണ് അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30ന് ഫാല്‍ക്കണ്‍ വിജയകരമായി വിക്ഷേപിച്ചത്.

എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭീമന്‍ റോക്കറ്റിന്റെ വിക്ഷേപണത്തോടെ 2004ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കാര്‍ഡ് തകര്‍ന്നു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്.

18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീര്‍ന്നത്. 63,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്. 2002 ല്‍ ആണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്.

കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കമാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ ദൗത്യമാണ് ഫാല്‍ക്കണ്‍ ഹെവി പൂര്‍ത്തിയാക്കിയത്. അതേസമയം, ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്തെത്തുന്നതിനു മുന്‍പു തന്നെ ദൗത്യം പൂര്‍ത്തിയായ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങി.

കേപ് കാനവരലില്‍ സജ്ജീകരിച്ച തിരിച്ചിറങ്ങല്‍ സ്ഥലത്തേക്കു തന്നെയാണ് ഇവ മടങ്ങിയെത്തിയത്. കാര്‍ വഹിച്ച ഭാഗം റോക്കറ്റിന്റെ പ്രധാനഭാഗത്തു നിന്നും വേര്‍പെട്ട് ഭൂമിയിലേക്ക് തിരിച്ചുവന്നു. പസഫിക് സമുദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച ഭാഗത്താണ് എലോണ്‍ മസ്‌കിന്റെ കാര്‍ ഉള്‍പ്പെടുത്തിയ ഭാഗം തിരിച്ചിറങ്ങിയത്.