അന്താരാഷ്ട്ര കാന്‍സര്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്നത് ബാബ രാംദേവ്: പ്രതിഷേധിച്ച് അമേരിക്കയിലെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ പരിപാടിയില്‍ നിന്നു പിന്മാറി

single-img
7 February 2018

ഐ.ഐ.ടി മദ്രാസിലെ അന്താരാഷ്ട്ര കാന്‍സര്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ നിന്നും മുഖ്യ സ്‌പോണ്‍സര്‍മാരായ അമേരിക്കയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് പിന്മാറി. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് യോഗ ഗുരു ബാബ രാംദേവ് ആണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സ്‌പോണ്‍സര്‍മാര്‍ പിന്മാറിയത്.

കാന്‍സര്‍ ഉണ്ടാകുന്നത് കര്‍മ്മം മൂലമാണെന്ന് ബാബ രാംദേവ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപുറമെ ആയിരത്തോളം വരുന്ന എച്ച്.ഐ.വി, ക്യാന്‍സര്‍ രോഗികളെ യോഗയിലൂടെ താന്‍ ചികിത്സിച്ച് മാറ്റിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയും രാംദേവ് നടത്തിയിരുന്നു.

ഇതാണ് സ്‌പോണ്‍സര്‍മാരുടെ പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 8 ന് ‘ക്യാന്‍സര്‍ പ്രതിരോധവും ചികിത്സയും, പ്രാചീന കാലഘട്ടം മുതല്‍ ആധുനിക കാലഘട്ടം വരെ’ എന്ന വിഷയത്തിലാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

അതേസമയം തങ്ങളുടെ അനുവാദമില്ലാതെ അക്കാദമിയുടെ പേരും ലോഗോയും സംഘാടകര്‍ ഉപയോഗിച്ചതായും ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡേഴ്‌സണ്‍ റിസര്‍ച്ച് ആന്റ് ട്രീന്റ്‌മെന്റ് കേന്ദ്രത്തിന്റെ എം.ഡി പറഞ്ഞു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന അക്കാദമിയിലെ ഫാക്കല്‍റ്റി മെമ്പര്‍മാരായ വര്‍ഷ ഗാന്ധിയും സെന്‍ പഥകും വ്യക്തിപരമായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു.

അതിനിടെ ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേഷ്‌കുമാര്‍ ഗ്രോവര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്റ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ രവി മല്‍ഹോത്ര തുടങ്ങി നിരവധി പ്രമുഖ കാന്‍സര്‍ വിദഗ്ധരും പഠന വിദഗ്ധരും പങ്കെടുക്കുന്ന ചടങ്ങില്‍ രാംദേവിനെ സര്‍വ്വകലാശാല മുഖ്യാതിഥിയായി ക്ഷണിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.