കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറായി; ആശുപത്രി വരാന്തയില്‍ ഭാര്യയുടെ പ്രസവമെടുത്തത് ഭര്‍ത്താവ്

single-img
7 February 2018

കഴിഞ്ഞ ദിവസമായിരുന്നു മധ്യപ്രദേശിലെ ബേടുല്‍ ജില്ലാ ആശുപത്രിയില്‍ സ്‌ട്രെച്ചര്‍ കിട്ടാതെ നടക്കാന്‍ നിര്‍ബന്ധിതയായ യുവതി വരാന്തയില്‍ പ്രസവിക്കുകയും കുഞ്ഞ് തറയില്‍ വീണ് മരിക്കുകയും ചെയ്തത്. സമാനമായ രീതിയില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലും ഒരു സംഭവം നടന്നു.

പക്ഷെ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്ന് മാത്രം. യുവതി സുഖമായി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പ്രസവമെടുത്തതാകട്ടെ യുവതിയുടെ ഭര്‍ത്താവും. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാക്‌സ് എന്നാണ് കുഞ്ഞിന് പേരിട്ടത്. ജസ് ഹോഗന്‍ എന്ന യുവതിയാണ് തന്റെ അപൂര്‍വ പ്രസവ കഥ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

പ്രസവിക്കുന്നതിന്റെ ചിത്രങ്ങള്‍ ടാമി കാരിന്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയും ചെയ്തു. ചെറിയ ചില വേദനകള്‍ അനുഭവപ്പെട്ടിരുന്നെങ്കിലും കുഞ്ഞ് മാക്‌സ് പുറത്തുവരാന്‍ സമയമുണ്ടല്ലോ എന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു ജെസ്. എന്നാല്‍ പെട്ടെന്നൊരു ദിവസം മാക്‌സ് പുറത്തേക്ക് വരാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ജെസിന് അനുഭവപ്പെട്ടു.

ഉടന്‍ തന്നെ ഭര്‍ത്താവ് ട്രാവിസിനോട് പറഞ്ഞു താന്‍ വീട്ടില്‍ പ്രസവിക്കാന്‍ സാധ്യതയുണ്ടെന്ന്. ഉടന്‍ തന്നെ ജെസിനെ കാറില്‍ കയറ്റി ട്രാവിസ് ആശുപത്രിയിലേക്ക് തിരിച്ചു. ഇടയ്ക്ക് ഫോട്ടോഗ്രാഫറായ കാരിനെ വിളിച്ചുവിവരം അറിയിക്കുകയും അവര്‍ ആശുപത്രിയിലേക്ക് വരികയും ചെയ്തു.

”ആശുപത്രിയിലേക്കുള്ള അവസാനത്തെ വളവ് തിരിയവെ ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി. കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങിയിരുന്നു. ട്രാവിസ് കാര്‍ ഹോണ്‍ മുഴക്കി മുന്നോട്ട് പാഞ്ഞു”, ജെസ് ആ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ആദ്യമൊന്നും അവരെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല അവിടെ.

അല്‍പ്പസമയത്തിനകം ഫോട്ടോഗ്രാഫറായ കാരിന്‍ അവിടേക്ക് എത്തി. തുടര്‍ന്ന് നഴ്‌സിനെ വിവരം അറിയിച്ചു. അത്യാവശ്യമാണെന്ന് അറിയിച്ചെങ്കിലും നഴ്‌സിന് ആദ്യം കാര്യം മനസിലായില്ല. ഈ സമയം ആശുപത്രി വരാന്തയിലൂടെ നടന്നുവരികയായിരുന്നു ജെസും ട്രാവിസും.

നഴ്‌സിനെ അറിയിച്ച് തിരിച്ച് ഓടിയെത്തിയ കാരിന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ”ഞാന്‍ കൈകള്‍ കൊണ്ട് താഴെ തൊട്ടുനോക്കി. കുഞ്ഞിന്റെ തല താഴെ എത്തിയതായി മനസിലായി. ഞാന്‍ ഉറക്കെ പറഞ്ഞു ട്രാവിസ് അവനെ പിടിക്കൂ എന്ന്.

ട്രാവിസ് ഞാന്‍ പറഞ്ഞതുപോലെ ചെയ്തു. ഇതിനിടയില്‍ നഴ്‌സ് അങ്ങോട്ടേക്ക് ഓടിയെത്തി. അതെല്ലാം കാരിന്റെ ചിത്രങ്ങളില്‍ പതിഞ്ഞു”, ജെസ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ഓരിക്കലും മറക്കാനാകാത്ത സുന്ദരമായ നിമിഷമായിരുന്നു ആ പ്രസവം എന്നാണ് ജെസ് പറയുന്നത്.