ലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കുക: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നിക്കുന്നു

single-img
7 February 2018

കോണ്‍ഗ്രസുമായി വീണ്ടും ഒന്നിക്കാന്‍ ശരത് പവാറിന്റെ എന്‍സിപി തയാറെടുക്കുന്നു. മഹാരാഷ്ട്രയില്‍ അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനമായതായാണ് അറിയുന്നത്.

ചൊവ്വാഴ്ച ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുംബൈയില്‍ ഇരുപാര്‍ട്ടികളിലേയും സംസ്ഥാന നേതാക്കള്‍ യോഗം ചേര്‍ന്നു. മതേതര വോട്ടുകള്‍ ഭിന്നിച്ച് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം നല്‍കാതെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ ധാരണയായി.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസും എന്‍സിപിയും തെറ്റിപ്പിരിഞ്ഞത്. മഹാരാഷ്ട്ര അസംബ്ലിയിലെ 288 സീറ്റുകളില്‍ കോണ്‍ഗ്രസിന് 42 സീറ്റും എന്‍സിപിക്ക് 41 സീറ്റുമാണ് ലഭിച്ചത്. ബിജെപിയും ശിവസേനയുമാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്.

ബിജെപി 122 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ശിവസേന 63 സീറ്റ് നേടി. എന്നാല്‍ നിലവില്‍ ശിവസേനയും ബിജെപിയുമായി അകല്‍ച്ചയിലാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

നിയമസഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതവുമായ രാധാകൃഷ്ണ പാട്ടീലിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. സഖ്യം സംബന്ധിച്ച് ദേശീയ നേതൃത്വം ഉടന്‍ തീരുമാനമെടുത്തേക്കും.