‘മോദി നടത്തുന്നത് വെറും രാഷ്ട്രീയപ്രസംഗം; ഒരുമണിക്കൂറിലധികം പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി റഫേല്‍ ഇടപാടിനെക്കുറിച്ച് മിണ്ടിയില്ല’

single-img
7 February 2018

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ വിഷയങ്ങള്‍ അവഗണിച്ചു എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു മണിക്കൂറിലധികം പ്രസംഗിച്ച പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചതേയില്ല.

പ്രതിപക്ഷ നേതാവല്ല, പ്രധാനമന്ത്രിയാണു താനെന്ന കാര്യം നരേന്ദ്ര മോദി മറന്നു. ഇപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണു മോദി വാ തുറക്കുന്നത്. ചോദ്യങ്ങള്‍ക്കു മോദി കൃത്യമായി മറുപടി പറയണം. പാര്‍ലമെന്റില്‍ ആരോപണങ്ങളല്ല ഉന്നയിക്കേണ്ടതെന്നും മാധ്യമങ്ങളോടു സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

‘രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരുമണിക്കൂറിലധികം പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി റഫാല്‍ ഇടപാടിനെക്കുറിച്ചു മിണ്ടിയില്ല. കര്‍ഷകരെക്കുറിച്ചും യുവാക്കളുടെ തൊഴിലവസരങ്ങളെക്കുറിച്ചും മൗനം പാലിച്ചു. വെറും രാഷ്ട്രീയ പ്രസംഗമാണു ലോക്‌സഭയില്‍ മോദി നടത്തിയത്’– രാഹുല്‍ കുറ്റപ്പെടുത്തി.

‘രാജ്യമാണു ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ അദ്ദേഹം ഉത്തരം പറയുന്നില്ല. ഇവിടെ പ്രധാനമന്ത്രി ഉത്തരം നല്‍കണം, അല്ലാതെ രാജ്യത്തോടു ചോദ്യം ചോദിക്കുകയല്ല വേണ്ടത്. പൊതുയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രിക്കാകും. എന്നാല്‍ പാര്‍ലമെന്റില്‍ രാജ്യത്തിന്റെ ചോദ്യത്തിനുള്ള മറുപടിയാണു വരേണ്ടത്. ആരോപണങ്ങളല്ല’– രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദിക്ക് എണീറ്റു നിന്ന് ഹര്‍ഷാരവം മുഴക്കി ബിജെപി അംഗങ്ങള്‍ നയപ്രമേയം പാസാക്കിയപ്പോള്‍ കോണ്‍ഗ്രസ് മോദിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്‌ക്കരിച്ചു.

കോണ്‍ഗ്രസ് വരുത്തിയ തെറ്റുകള്‍ ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്ന് മോദി