‘റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി?: പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി’

single-img
7 February 2018

ന്യൂഡല്‍ഹി: ഫ്രാന്‍സുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ റാഫേല്‍ ഇടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരുത്തി എഴുതിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു ബിസിനസുകാരന് വേണ്ടിയാണ് മോദി ഇത് ചെയ്തത്.

റാഫേല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തയ്യാറാകാത്തത് അഴിമതി നടന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധോപകരണങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയത്.

ഇത്രയും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ എത്ര രൂപ ചെലവായി എന്ന ചോദ്യത്തിന് പ്രതിരോധ മന്ത്രിക്ക് ഉത്തരമില്ല. ഇത് തന്നെ അഴിമതി നടന്നതിന് തെളിവാണ്. മോദി പാരീസില്‍ നേരിട്ടെത്തിയാണ് ഈ കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. ഇക്കാര്യങ്ങളെക്കുറിച്ച് രാജ്യത്തിന് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ച പണത്തെക്കുറിച്ചുള്ള പാര്‍ലമെന്റിന്റെ ചോദ്യത്തിന് പ്രതിരോധമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത്.

ഇതെന്ത് തരം ഭരണമാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദിക്കാത്തത്. ഇക്കാര്യത്തില്‍ ഉന്നതതല സമ്മര്‍ദ്ദവും ഭീഷണികളും ഭയപ്പെടുത്തലുകളും മാദ്ധ്യമങ്ങളുടെ മേല്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്നാല്‍ ഇടയ്‌ക്കെങ്കിലും അല്‍പ്പം ധൈര്യം കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ച കരാറാണ് റാഫേല്‍ യുദ്ധവിമാനക്കരാര്‍. ഏകദേശം 59,000 കോടി രൂപയുടെ കരാര്‍ വഴി 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്നു പാക്കിസ്ഥാന്റെ പക്കലുള്ള ഏതു പോര്‍വിമാനത്തേക്കാളും മികച്ചതും ആധുനികവുമായ സാങ്കേതികവിദ്യയുപയോഗിച്ചു നിര്‍മിച്ചതുമാണ് റഫാല്‍ വിമാനങ്ങള്‍.

അത്യാധുനിക മിസൈലുകളും പോര്‍മുനകളും ഉറപ്പിക്കാനാവുംവിധം ഇന്ത്യയുടെ ആവശ്യാനുസരണം പുനര്‍രൂപകല്‍പന ചെയ്ത വിമാനങ്ങളാണു ലഭിക്കുക. കാര്യക്ഷമമായ വിലപേശലിലൂടെ വില കുറയ്ക്കാന്‍ കഴിഞ്ഞതുകൊണ്ടു കരാര്‍ വന്‍വിജയമാണെന്നാണു പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. എന്നാല്‍ ഇന്ത്യയേക്കാളും കുറഞ്ഞവിലയില്‍ ഖത്തറിന് വിമാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നീക്കം വന്‍വിമര്‍ശനത്തിനു കാരണമായിരുന്നു.