കേരളത്തില്‍ കുട്ടികള്‍ക്കെതിരായ പീഡനം കൂടുന്നു: ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2568 കേസുകള്‍

single-img
7 February 2018

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 2568 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു പ്രൊബേഷനറി ഓഫീസര്‍ അഷ്‌റഫ് കാവില്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ 2017 ല്‍ 244 കുട്ടികളാണ് ലൈംഗികാതിക്രമത്തിനു ഇരയായത്. പോക്‌സോ കേസുകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് മലപ്പുറം.

2012 ല്‍ പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം നിര്‍ഭയം പരാതികള്‍ രേഖപ്പെടുത്താം എന്ന സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട്. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനവും നോട്ടവുമെല്ലാം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും. പീഡനത്തിനു ഇരയായ കുട്ടിക്ക് വേണ്ടി ആര്‍ക്കും പരാതി നല്‍കാമെന്നതു കേസുകള്‍ മറച്ചുവക്കാനുള്ള സാധ്യത ഇല്ലാതാക്കി.

രക്ഷിതാവ് തന്നെ പരാതിപ്പെടണമെന്ന അവസ്ഥയാണ് നേരത്തേ ഉണ്ടായിരുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും നിയമനടപടകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അഷ്‌റഫ് കാവില്‍ ഓര്‍മിപ്പിച്ചു. അപൂര്‍ണമോ ആധികാരികമല്ലാത്തതോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അഭിമാനത്തിനു കോട്ടം വരുത്തുന്നതോ സ്വകാര്യതയെ ബാധിക്കുന്നതോ ആയ റിപ്പോര്‍ട്ടുകള്‍ നല്‍കരുതെന്നു പോക്‌സോ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ലൈംഗികാതിക്രമത്തിനു വിധേയയായ കുട്ടിയെ തിരിച്ചറിയുന്ന വിധം വാര്‍ത്തകള്‍ നല്‍കുന്നതു ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം വിചാരണ നടക്കുന്ന പ്രത്യേക കോടതിയുടെ നിര്‍ദേശാനുസരണം കുട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നല്‍കാവുന്നതുമാണ്.

കുട്ടികള്‍ക്കു നീതിയും നിയമപരിരക്ഷയും ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോക്‌സോ ആക്ട് കുട്ടികളോടുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്ന ആക്ട് 2012 ല്‍ നിലവില്‍ വന്നതിനു ശേഷമുള്ള കേസുകളില്‍ കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ദനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.