മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

single-img
7 February 2018

ന്യൂഡല്‍ഹി: മുസ്‌ലീങ്ങള്‍ ഇന്ത്യയില്‍ താമസിക്കാന്‍ പാടില്ലെന്ന ബിജെപി എംപിയുടെ പ്രസ്താവന വിവാദമാകുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേയാണ് ബിജെപി എംപി വിനയ് കത്യാര്‍ വിവാദ പ്രസ്താവന നടത്തിയത്. മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പാടില്ല.

ജനസംഖ്യയുടെ പേരില്‍ രാജ്യത്തെ വിഭജിച്ചവരാണ് അവര്‍. അങ്ങനെയുളളവര്‍ ഇവിടെ ജീവിക്കേണ്ടതിന്റെ ആവശ്യം ഇല്ല. അവര്‍ക്ക് സ്ഥലം നല്‍കിയിട്ടുണ്ട്. അവര്‍ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകണം കത്യാര്‍ പറഞ്ഞു. വന്ദേ മാതരത്തെ ബഹുമാനിക്കാത്തവരെ ശിക്ഷിക്കുന്നതിന് ബില്‍ കൊണ്ടുവരുമെന്നും എംപി വ്യക്തമാക്കി.

വന്ദേമാതരത്തെയും ദേശീയ പതാകയെയും ബഹുമാനിക്കാത്തവരെയും പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവരെയും ശിക്ഷിക്കുന്നതിനുളള ബില്‍ കൊണ്ടുവരുമെന്നും എംപി പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലീങ്ങളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന എഐഎംഐഎം തലവന്‍ അസാദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി എംപിയുടെ വിവാദ പ്രസ്താവന.

കഴിഞ്ഞ ദിവസം താജ്മഹലിനെ ഉടന്‍തന്നെ തേജ് മന്ദിറാക്കി ഉയര്‍ത്തുമെന്നും കത്യാര്‍ പറഞ്ഞിരുന്നു. താജ് മഹോത്സവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് വിവാദ പരാമര്‍ശം കത്യാര്‍ വീണ്ടുമാവര്‍ത്തിച്ചത്. താജ് മഹോത്സവം എന്നോ, തേജ് മഹോത്സവം എന്നോ അതിനെ വിളിക്കാം.

തേജും, താജും തമ്മില്‍ വലിയ വ്യത്യാസമില്ല. നമ്മുടെ തേജ് മന്ദിറിനെ മുഗള്‍ ഭരണകര്‍ത്താക്കള്‍ കൈയ്യടക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. താജ്മഹലിനെ വീണ്ടും തേജ് മന്ദിറാക്കി മാറ്റും, കത്യാര്‍ പറഞ്ഞു.

ഫെബ്രുവരി 18 ന് ആഗ്രയില്‍ താജ് മഹോത്സവം ആരംഭിക്കാനിരിക്കെയാണ് കത്യാറിന്റെ വിവാദ പരാമര്‍ശം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. ചടങ്ങിന്റെ ഉദ്ഘാടനത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ റാം നായിക്കും പങ്കെടുക്കും.