മൂന്നാം ഏകദിനത്തില്‍ വിരാടിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 304 റണ്‍സ്

single-img
7 February 2018


കേപ്ടൗണ്‍: തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഇന്ത്യക്കായി ‘റണ്‍ മെഷീന്‍’ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. പുറത്താകാതെ 160 റണ്‍സെടുത്ത കോലിയുടെ കരുത്തില്‍ 304 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത്. ആറു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിജയം അനിവാര്യമായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ പ്രകടനത്തോടെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ എന്ന പട്ടവും കോലി സ്വന്തമാക്കി. സൗരവ് ഗാംഗുലിയെ പിന്നിലാക്കിയ കോലി 12 സെഞ്ച്വറിയാണ് ക്യാപ്റ്റന്‍െറ ഉത്തരവാദിത്വത്തിനിടെ നേടിയത്. താരത്തിന്‍െറ കരിയറിലെ 34 ാം ഏകദിന സെഞ്ച്വറിയാണിത്.

ആദ്യ ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആഹ്ളാദം പകര്‍ന്ന് ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ ഡക്കായി. കാഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍റിച് ക്ളാസെന്‍ പിടിച്ചായിരുന്നു ആറാം പന്തിലെ രോഹിതിന്‍െറ മടക്കം. എന്നാല്‍, പിന്നീടങ്ങോട്ട് ഇന്ത്യയുടെ സമയമായിരുന്നു. ശിഖര്‍ ധവാനൊപ്പം ക്യാപ്റ്റന്‍ കോഹ്ലിയും കൂടി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ശരിക്കും വിയര്‍ത്തു. ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. 24 ാം ഓവറിന്‍െറ ആദ്യ പന്തില്‍ ധവാന്‍െറ വീഴ്ചയോടെ പിരിയുന്നത് വരെ 140 റണ്‍സ് ആണ് രണ്ടാം വിക്കറ്റ് സഖ്യം നേടിയത്. ജെ.പി.ഡുമിനിയുടെ പന്തില്‍ പുറത്താകുമ്പോള്‍ 63 പന്തില്‍ 76 റണ്‍സായിരുന്നു ധവാന്‍െറ സ്കോര്‍. അടിച്ചുകളിച്ച ധവാന്‍ 12 ഫോറുകളാണ് ബൗണ്ടറി വര കടത്തിയത്. പിന്നീടങ്ങോട്ട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അജിന്‍ക്യ രഹാനെ(11), ഹാര്‍ദിക് പാണ്ഡ്യ(14), മഹേന്ദ്ര സിങ് ധോണി(10), കേദാര്‍ ജാദവ്(1) എന്നിവര്‍ വന്ന് പോയപ്പോഴും ശക്തമായ ഷോട്ടുകളുമായി കോലി പിടിച്ചു നിന്നു. ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ(16 നോട്ടൗട്ട്) ഒരറ്റം നിര്‍ത്തിയാണ് കോഹ്ലി സ്കോര്‍ 300 ന് മുകളിലേക്ക് കൊണ്ടുപോയത്. 159 പന്തില്‍ 12 ഫോറും രണ്ട് സിക്സും പറത്തിയാണ് വിരാട് 160 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കക്കായി ഡുമിനി രണ്ട് വിക്കറ്റെടുത്തു.