നിയമലംഘനത്തിന് കൂടുതല്‍ കടുത്ത ശിക്ഷയും പിഴയും: സൗദി തൊഴില്‍ നിയമ ഭേദഗതിക്ക് അംഗീകാരം

single-img
6 February 2018

സൗദി തൊഴില്‍ നിയമത്തിലെ നിയമലംഘനങ്ങളും പിഴയും പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള ഭേദഗതിക്ക് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കി. നിയമലംഘനത്തിന് കൂടുതല്‍ കടുത്ത ശിക്ഷയും പിഴയും നല്‍കുന്നതാണ് പുതിയ പരിഷ്‌കരണം.

67 നിയമലംഘനങ്ങളും അവക്കുള്ള പിഴയും ശിക്ഷയുമാണ് ഭേദഗതിയില്‍ പരാമര്‍ശിക്കുന്നത്. തൊഴില്‍ നിയമത്തിലെ അനുഛേദം 38ന് വിരുദ്ധമായി ഇഖാമയിലുള്ള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും സ്ഥാപനത്തെക്കുറിച്ച് കൃത്യമായ വിവരം മന്ത്രാലയത്തിന് നല്‍കാത്തതിനും 10,000 റിയാല്‍ പിഴ ചുമത്തും.

പാസ്‌പോര്‍ട്ട്, ഇഖാമ, മെഡിക്കല്‍ കാര്‍ഡ് തുടങ്ങി വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ തൊഴിലാളിയുടെ അനുമതി കൂടാതെ സ്‌പോണ്‍സര്‍ കൈവശം വെച്ചാല്‍ 2,000 റിയാലാണ് പിഴ. വിസക്കച്ചവടം നടത്തുന്നതിന് 50,000 റിയാല്‍, മതിയായ രേഖയില്ലതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ 15,000 റിയാല്‍, ആശ്രിത വിസയിലുള്ളവരെ മതിയായ അനുമതി കൂടാതെ ജോലി ചെയ്യിച്ചാല്‍ 25,000 റിയാല്‍ എന്നിങ്ങിനെയാണ് പിഴ ചുമത്തുക.

വ്യാജ സ്വദേശിവത്കരണം, സ്ത്രീകളുടെ തൊഴിലില്‍ പുരുഷന്മാരെ നിയമിക്കല്‍ തുടങ്ങി ഏതാനും നിയമലംഘനങ്ങള്‍ക്ക് പിഴക്ക് പുറമെ സ്ഥാപനം അടപ്പിക്കാനുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പരിഷ്‌കരിച്ച നിയമലംഘനങ്ങളും അവയക്കുള്ള പിഴയും ശിക്ഷയും തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.