ഒടുവില്‍ പൂമരം പൂവിടുന്നു; മാര്‍ച്ചില്‍ റിലീസ്

single-img
6 February 2018

തിരുവനന്തപുരം: രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് കാളിദാസ് ജയറാമിന്റെ പൂമരം എത്തുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് രണ്ടിന് റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി റിലീസ് ലക്ഷ്യമിട്ട് 2016 ല്‍ ആണ് പൂമരത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.

ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’ പാട്ട് വന്‍ ഹിറ്റായിരുന്നു. എന്നാല്‍, സിനിമ പുറത്തിറങ്ങുന്നത് മാത്രം നീണ്ടു. കാരണം പുറത്തുവിട്ടിരുന്നില്ല. നായകനായുള്ള അരങ്ങേറ്റം നീണ്ടതോടെ കാളിദാസ് സോഷ്യല്‍ മീഡിയ ട്രോളുകളുടെയും സ്ഥിരം ഇരയായി.

അത്തരത്തില്‍ ഒരു ട്രോള്‍ പോസ്റ്റ് ചെയ്താണ് സിനിമ ഉടന്‍ എത്തുമെന്ന് കാളിദാസ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. യുവത്വം നിറഞ്ഞ കാമ്പസ് ചിത്രമാണ് പൂമരം. കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും പൂമരത്തില്‍ വേഷമിടുന്നുണ്ട്. പുതുമുഖമായ അര്‍ചിത അനീഷ് കുമാറും ഒരു പ്രധാന റോളിലത്തെുന്നു.