നിയമസഭയില്‍ മുഖ്യമന്ത്രി ‘വടി കൊടുത്ത് അടി വാങ്ങി’: ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

single-img
6 February 2018

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം നിയമസഭയെ പ്രക്ഷുബ്ധമാക്കി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു.

സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയവും പ്രതിപക്ഷം എടുത്തിട്ടപ്പോള്‍ രംഗം ചൂടായി. ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോഴത്തേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിണറായി പറഞ്ഞത് യച്ചൂരിക്കുള്ള മറുപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

പുറത്തുവന്നത് സിപിഎം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ പരാതിയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകളുടെ പേരില്‍ ചര്‍ച്ച പറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്ത വന്നെന്ന പേരില്‍ സോളാര്‍ ആറുതവണ ചര്‍ച്ച ചെയതെന്ന് ചെന്നിത്തല തിരിച്ചടിച്ചു.

നേതാക്കളുടെ മക്കളുടെ തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദേശത്തെ സംഭവം അടിയന്തരപ്രമേയമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി ബഹളങ്ങള്‍ക്കിടെ പറഞ്ഞു.

ലോകകേരള സഭയുടെ മറവില്‍ വ്യാപകതട്ടിപ്പെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടിയേരിയുടെ തട്ടിപ്പുകളാണ് ലോകകേരള സഭയുടെ മുഖ്യഅജന്‍ഡയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കരയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

എന്നാല്‍, സഭയ്ക്ക് പുറത്തുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന്, പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാതിരിക്കുന്നതിന് വേണ്ടി അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതായി സ്പീക്കര്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ഓര്‍മപ്പെടുത്തുകയും ചെയ്തു. ബിനോയിയുടെ മടങ്ങിയ ചെക്ക് അനില്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ വിഷയം ഉന്നയിക്കുന്നതെന്ന് അനില്‍ പറഞ്ഞു. ഇതോടൊപ്പം മുന്‍ മന്ത്രി ഇ.പി.ജയരാജന്റെ മകന്‍ ജിതിനെതിരേയും സാമ്പത്തിക തട്ടിപ്പ് കേസുണ്ടെന്നും അനില്‍ ആരോപിച്ചു.

അതേസമയം, ബിനോയ് വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജയരാജന്റെ മകനെതിരായ ആരോപണത്തിന് അദ്ദേഹം തന്നെ നിയമസഭയില്‍ മറുപടി നല്‍കി. ഇല്ലാത്ത കേസില്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയാണ് മകന്‍ ചെയ്തതെന്ന് ജയരാജന്‍ പഞ്ഞു.

മുഖ്യമന്ത്രിയുടേയും പി.ജയരാജന്റേയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക് ഔട്ട് നടത്തി.