അപ്രതീക്ഷിതമായി ഒരാള്‍ കടന്നു പിടിച്ചപ്പോള്‍ ലാല്‍ സാര്‍ വഴുതിമാറി; ആ ബഹളത്തിനിടയില്‍ അവന്റെ ഷര്‍ട്ട് കീറി; പകരം പുതിയ ഷര്‍ട്ട് തന്നു; സോഷ്യല്‍മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ ആരാധകന്റെ കുറിപ്പ്

single-img
6 February 2018


കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ ആരാധകനായ ടി.ദേവന്റെ കുറിപ്പ്. താന്‍ ഒരു മോഹന്‍ലാല്‍ ഫാനായ കഥയാണ് ആരാധകന്‍ പങ്ക് വെക്കുന്നത്.

ടി.ദേവന്റെ കുറിപ്പ് :

28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞാന്‍ അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാല്‍ സാര്‍ കോഴിക്കോട് എത്തി. തളി ക്ഷേത്രത്തില്‍ ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞ് ഞാനും സുഹൃത്തുക്കളും അവിടെ എത്തി. ലാലേട്ടനെ കണ്ടപ്പോള്‍ ഉള്ള അവേശം നിയന്ത്രിക്കാന്‍ ആകാതെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ലാല്‍ സാറിനെ കടന്നു പിടിച്ചു.

അപ്രതീക്ഷിതമായി ഒരാള്‍ കടന്നു പിടിച്ചപ്പോള്‍ ലാല്‍ സാര്‍ വഴുതിമാറി. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ സുഹൃത്തിനെ പിടിച്ച് മാറ്റി. ആ ബഹളത്തിനിടയില്‍ അവന്റെ ഷര്‍ട്ട് കീറി. ഇതിനിടയില്‍ കാര്യം മനസ്സിലാക്കിയ ലാല്‍ സാര്‍ സുഹൃത്തിനോടൊപ്പം മഹാറാണി ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടു.

അവിടെ എന്നെ വരവേറ്റത് മോഹന്‍ലാല്‍ എന്ന പച്ച മനുഷ്യനായിരുന്നു. തിരക്കിനിടയില്‍ അപ്രതീക്ഷിതമായി ഒരാള്‍ തനിക്ക് നേരെ വന്നപ്പോള്‍ ആക്രമിക്കാനാണെന്ന് കരുതിയാണ് ഒഴിഞ്ഞു മാറിയതെന്നും അതില്‍ വിഷമം ഉണ്ടെന്നുമായിരുന്നു ലാല്‍ സാര്‍ പറഞ്ഞത്.

കീറിയ ഷര്‍ട്ടിന് പകരം ലാല്‍ സാര്‍ സഹായിയെ വിട്ട് വാങ്ങിച്ച പുതിയ ഷര്‍ട്ട് സുഹൃത്തിന് നല്‍കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ മനസ്സ് തൊട്ടറിഞ്ഞ ആ നിമിഷം മുതല്‍ എന്റെ ജീവിതം ലാല്‍ സാറിനായി മാറ്റി വെക്കാന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ലാല്‍ സാറിനും സുചിത്രേച്ചിക്കും ഒപ്പം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ വീണ്ടും എന്റെ കണ്ണുകള്‍ നിറയുന്നു. അഭിമാനത്തോടെ. നന്ദി ലാലേട്ടാ. അളവില്ലാത്ത ഈ സ്‌നേഹത്തിന്..(കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.ദേവന്‍…)