കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം: പ്രതിഷേധം ശക്തം; ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

single-img
6 February 2018

കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. തിങ്കളാഴ്ച രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുമ്പോഴാണ് ഒരു സംഘം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

കവിയുടെ പരാതിയിന്മേല്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കടക്കല്‍ പോലീസ് കേസെടുത്തു. വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ സംസാരിച്ചതാണ് ആക്രമിക്കാന്‍ കാരണമായി കുരീപ്പുഴ ചൂണ്ടികാട്ടുന്നത്. തിരിച്ചുപോകാന്‍ വാഹനത്തില്‍ കയറുന്നതിനിടയിലായിരുന്നു ആര്‍.എസ്.എസുകാര്‍ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തത്.

പരിപാടിയുടെ സംഘാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് കുരീപ്പുഴയെ രക്ഷിച്ചത്. പരാതി നല്‍കിയ ശേഷം പോലീസ് അകമ്പടിയോടെയാണ് അദേഹം വീട്ടിലേക്ക് പോയത്. കവിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സാമൂഹ്യമാധ്യമത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് കൊല്ലം റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.