കുരീപ്പുഴയെ വീണ്ടും ‘ആക്രമിച്ച്’ ബിജെപി നേതാക്കള്‍: വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചെന്നാരോപിച്ച് പരാതിയും നല്‍കി

single-img
6 February 2018


കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദീപു, മനു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ഇന്നലെ രാത്രിയാണു കടയ്ക്കലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേ കവി കുരീപ്പുഴയ്ക്കുനേരെ ആക്രമണമുണ്ടായത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം റൂറല്‍ എസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനിടെ കുരീപ്പുഴക്കെതിരെ ബിജെപിയും പരാതി നല്‍കി. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച കുരീപ്പുഴയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.ബിജെപി ജില്ലാ കമ്മറ്റി അംഗം എസ് വിജയനാണ് കുരീപ്പുഴ ഹിന്ദു ദേവിദേവന്മാരെ ആക്ഷേപിച്ചെന്ന് കാട്ടി കടയ്ക്കൽ സിഐക്ക് പരാതി നൽകിയിരിക്കുന്നത്.

അതേസമയം കുരീപ്പുഴയെ പരിഹസിച്ച് കെസുരേന്ദ്രനും കുമ്മനം രാജശേഖരനും രംഗത്തെത്തി. ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്ന കുരീപ്പുഴക്കാണ് ശരിക്കും അസഹിഷ്ണുതയെന്ന് കുമ്മനം പരിഹസിച്ചു. കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും കുമ്മനം പറഞ്ഞു.

മോദിയുടെ വിമര്‍ശകനാണെന്നും ആര്‍എസ്എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുകയാണു പ്രശസ്തനാകാനുള്ള എളുപ്പവഴിയെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പരിഹസിച്ചു. കവി കുരീപ്പുഴ ഇന്നുമുതല്‍ ആഗോള പ്രശസ്തനായിക്കഴിഞ്ഞെന്നും സുരേന്ദ്രന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പരിഹസിച്ചു.

സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നുപറഞ്ഞാണു പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി, ബഹളമായി, മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി. ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും.

തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നതു വ്യഭിചരിക്കാനാണെന്നു മുരുകന്‍ പറഞ്ഞതാണു പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍എസ്എസും ബിജെപിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല.

അവസാനം പൊലീസ് കേസായി, അന്വേഷണമായി. ഒരിടത്തും ആര്‍എസ്എസുമില്ല ബിജെപിയുമില്ല. ആര്‍എസ്എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിറ്റുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി.

പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റഴിക്കാനുമുള്ള എളുപ്പവഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍എസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റുതീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ചു മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇവിടെയും മാതൃകയാക്കാവുന്നതാണ്.