തൃശൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വീടിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച

single-img
6 February 2018


തൃശൂര്‍: കയ്പമംഗലം ചാമക്കാലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച. 65 വയസുകാരിയായ ബീവാത്തുമ്മയാണ് കവര്‍ച്ചയ്ക്കിരയായത്. ഇവരുടെ പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു. രാവിലെ ഒന്‍പതോടെയാണ് സംഭവം.

ഭര്‍ത്താവ് മരിച്ച ബീവാത്തുവും മകള്‍ റംലയും മാത്രമാണ് ഈ വീട്ടില്‍ താമസം. റംലയുടെ വീട് മുന്നൂറു മീറ്റര്‍ അപ്പുറത്താണ്. പത്തു ദിവസം മുമ്പാണ് ബീവാത്തു ഗള്‍ഫിലുള്ള മകന്റെ അടുത്തു നിന്ന് എത്തിയത്. രാവിലെ എട്ടു മണിക്ക് റംല സ്ഥിരമായി തൊട്ടടുത്തുള്ള തന്റെ വീടിന്റെ മുറ്റം അടിച്ചുവാരി വൃത്തിയാക്കാന്‍ പോകാറുണ്ട്.

ഈ സമയത്താണ് കള്ളന്‍ വന്നതും കൊള്ളയടിച്ചതും. ബൈക്കില്‍ എത്തിയ രണ്ടു കള്ളന്‍മാരാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. ഒരാള്‍ ഗേയ്റ്റിന് പുറത്തു കാത്തുനിന്നു. ഒരാള്‍ അകത്ത് കയറി കൃത്യം നിര്‍വഹിച്ചു.

റംല വരുന്നതു കണ്ട ഉടനെ പുറത്തു നിന്നയാള്‍ അകത്തുള്ളവനെ ഫോണില്‍ വിളിച്ചു. ഉടനെ ഇരുവരും സ്ഥലംവിട്ടു. ”തലയില്‍ ഹെല്‍മറ്റുണ്ട്. അവന്‍ എന്നെ വലിച്ചിഴച്ചു. ഹാളില്‍ കൊണ്ടുവന്ന് കസേരയില്‍ കെട്ടിയിട്ടു. കാലും കൈയും കയറുക്കൊണ്ട് കെട്ടി. സ്വര്‍ണം എവിടെ, കാശെവിടെ.. പിന്നെ കത്തിക്കാട്ടി കൊല്ലുമെന്ന് പറഞ്ഞു”. ബീവാത്തുവിന് ഇപ്പോഴും സംഭവത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല.

സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. പരിസരത്തെ ഏതെങ്കിലും കടകള്‍ക്കു മുമ്പിലെ സിസിടിവി കാമറകളില്‍ കള്ളന്‍മാരുടെ ബൈക്ക് കുടുങ്ങിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.