പാക് ടീമിന്റെ ഡ്രസിങ് റൂമില്‍ പോയെന്ന വാര്‍ത്ത നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

single-img
6 February 2018

മുംബൈ: അണ്ടര്‍ 19 ലോകകപ്പിലെ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ താന്‍ പാകിസ്താന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്. പാക് ടീം മാനേജറായിരുന്ന നദീം ഖാന്‍ ആണ് ദ്രാവിഡ് തങ്ങളുടെ റൂമിലെത്തിയ കാര്യം വെളിപ്പെടുത്തിയത്.

ഇത് സംബന്ധിച്ച കാര്യം പത്രപ്രവര്‍ത്തന്‍ ചോദിച്ചപ്പോഴായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ‘ഞാന്‍ അവരുടെ ഡ്രസിങ് റൂമിലെത്തിയിട്ടില്ല. ഒരു മികച്ച ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ പാക് ടീമില്‍ ഉണ്ടായിരുന്നു. പയ്യന്‍ ടൂര്‍ണമെന്റില്‍ നന്നായി പന്തെറിഞ്ഞിരുന്നു.

സെമിയിലെ തോല്‍വിക്ക് പിന്നാലെ അവരുടെ ഡ്രസിങ് റൂമിനു പുറത്ത് ഞാന്‍ അവനെ കണ്ടുമുട്ടി. ഞാന്‍ അവനെ അഭിനന്ദിച്ചു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയതായി അവനോട് പറഞ്ഞു. ഒരു കോച്ചെന്ന നിലയില്‍ ഒരു നല്ല പ്രതിഭയെ കാണുന്നത് ആവേശകരമാണെന്ന് ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പാകിസ്താന്‍ വളരെ വിലമതിച്ചിരുന്നു. ഇക്കാര്യം പാക് കോച്ചുമാര്‍ നിരവധി തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ടീം ഒന്നാമതെത്തിയതാണ് ലോകകപ്പ് വിജയത്തിന്റെ ഏറ്റവും തൃപ്തികരമായ ഭാഗമെന്നും ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ 14-16 മാസങ്ങള്‍ പിന്തുടര്‍ന്ന പ്രക്രിയ യഥാര്‍ത്ഥത്തില്‍ ആസൂത്രണം ചെയ്തതും തയ്യാറാക്കിയിട്ടുള്ളതും ഈ ലോകകപ്പിനു വേണ്ടിയല്ലെന്നും അണ്ടര്‍ 19 താരങ്ങളെ ഉണ്ടാക്കുന്നതിനായിരുന്നെന്നും ദ്രാവിഡ് പറഞ്ഞു.

അതിനിടെ സമ്മാനത്തുകയില്‍ വിവേചനം കാട്ടിയെന്ന പരാതിയില്‍ രാഹുല്‍ ദ്രാവിഡ് ബിസിസിഐക്കെതിരെ രംഗത്തുവന്നു. കൗമാര ലോകക്കപ്പ് നേടിയ ടീം കോച്ചായ ദ്രാവിഡിനും സ്റ്റാഫിനും അനുവദിച്ച തുകകള്‍ തമ്മിലുള്ള അന്തരമാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത്.

ദ്രാവിഡിന് 50 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങള്‍ക്ക് 30 ലക്ഷം വീതവുമാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്. തന്റെ അനിഷ്ടം ബിസിസിഐയെ നേരിട്ടറിയിച്ച ദ്രാവിഡ് എല്ലാ സപ്പോര്‍ട്ട് സ്റ്റാഫിനുമുളള സമ്മാനത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ടീം സ്റ്റാഫിലെ എല്ലാവരുടെയും ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. ആരെയും വേര്‍തിരിച്ച് നിര്‍ത്താനാവില്ല. ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോരുത്തരുടെയും സേവനങ്ങള്‍. ഒരു പക്ഷേ എന്നേക്കാളുമേറെ കളിക്കാരും ടീം സ്റ്റാഫുമാണ് വിജയത്തിനായി യത്‌നിച്ചത്. ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ അവര്‍ക്കാണ് നല്‍കുന്നത്’ ദ്രാവിഡ് പറഞ്ഞു.

സുപ്രീംകോടതി നിയമിച്ച ബിസിസിഐ ഭരണസമിതിയാണ് ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചത്. കൗമാര ലോകകപ്പ് കിരീടം സ്വന്തമാക്കി നാട്ടിലെത്തിയ ഇന്ത്യന്‍ സംഘത്തിന് ഒപ്പം പരിശാലകന്‍ രാഹുല്‍ ദ്രാവിഡിനും ഊഷ്മളമായ വരവേല്‍പ്പാണ് മുംബൈയിലെ വിമാനത്താവളത്തില്‍ ലഭിച്ചത്. ആരാധകര്‍ തങ്ങളുടെ സ്‌നേഹവും ആരാധനയും ഇന്ത്യയുടെ ഇതിഹാസതാരത്തിന് നല്‍കി.