കുട്ടികളിലും മാനസികസമ്മര്‍ദ്ദം; കാരണങ്ങള്‍ പലതാണ്

single-img
6 February 2018

 


കുട്ടികളെ കടുത്ത മാനസിസമ്മര്‍ദ്ദത്തിലാക്കുന്നത് പല കാരണങ്ങളാണ്. പഠനത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുക്കുന്ന മത്സര സ്വഭാവമാണ് കൂടുതല്‍ കുട്ടികളിലും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കിടയിലെ മത്സരവും സമ്മര്‍ദ്ദം വളര്‍ത്തുന്നു.

ഇത് മൂലം കുട്ടികള്‍ക്കിടയിലെ ആത്മഹത്യ അനുദിനം വര്‍ധിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പഠനത്തോടൊപ്പം കുട്ടിയുടെ ചിന്തകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം. ഒപ്പം സ്‌കൂളിലും വാസസ്ഥലത്തും നല്ല അന്തരിക്ഷം സൃഷ്ടിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സ്‌കൂളിലെത്തുന്ന കുട്ടി പലപ്പോഴും വിലയിരുത്തപ്പെടുന്നത് ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിലാണ്. ഇത് കുട്ടിയുടെ ജന്‍മസിദ്ധമായ കഴിവുകളെ മുരടിപ്പിക്കുമെന്നും സമ്മര്‍ദ്ധത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കിടയിലെ മത്സരവും കുട്ടികളിലെ സമ്മര്‍ദ്ദത്തിന് ആക്കം കൂട്ടുന്നു.

കുട്ടിയെ അവന്റെ സുഹൃത്തിനോടോ സഹപാഠിയോടോ ഉപമിക്കുന്ന രക്ഷിതാവും സമ്മര്‍ദ്ദം കുത്തി നിറയ്ക്കുകയാണ്. രക്ഷിതാവിനോടും അധ്യാപകനോടും സംവദിക്കാന്‍ കുട്ടിയ്ക്കാകണം. സോഷ്യല്‍മീഡിയയിലെ അതിരു കടന്ന ഇടപെടല്‍, ആധുനിക ഗെയിമുകള്‍, മാതാപിതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ എന്നിവയും കുട്ടികളിലെ മാനസികസമ്മര്‍ദ്ദത്തിന് കാരണങ്ങളാകുന്നു. സമൂഹത്തില്‍ വളര്‍ന്ന വരുന്ന കുറ്റകൃത്യങ്ങളും സമ്മര്‍ദ്ദത്തിന് വഴിവയ്ക്കും.