ദേവിയെ ചുരിദാര്‍ അണിയിച്ച പൂജാരിമാരുടെ പണി പോയി

single-img
6 February 2018


ചെന്നൈ: ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. താന്‍ പൂജിക്കുന്ന ദേവിക്ക് അങ്ങനെ ഒരു ‘ചെയ്ഞ്ച്’ പരീക്ഷിച്ച പൂജാരിക്ക് ആര്‍ക്കൊക്കെയാണ് അത് ഇഷ്ടമില്ലാത്തതെന്ന് ശരിക്കും മനസിലായി. ദേവി വിഗ്രഹത്തില്‍ ചുരിദാര്‍ അണിയിച്ച് മാറ്റം പരീക്ഷിച്ച പൂജാരിക്ക് അങ്ങനെ ഭക്തരുടെ ഇഷ്ടക്കേടിന്റെ ഇരയായി ജോലി നഷ്ടമായി.

നാഗപട്ടണം ജില്ലയില്‍ മയിലാടുംതുറൈയില്‍ കാവേരി നദീതീരത്തെ പ്രശസ്തമായ മയൂരനാഥസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് പൂജാരിയുടെ ചുരിദാര്‍ അലങ്കാരം നടന്നത്. പ്രധാനപൂജാരി കല്യാണസുന്ദരം ഗുരുക്കള്‍ക്കും മകന്‍ രാജ ഗുരുക്കള്‍ക്കുമാണ് ജോലി നഷ്ടമായത്.

വെള്ളിയാഴ്ചകളിലെ വിശിഷ്ടമായ ചന്ദനം ചാര്‍ത്തല്‍ പൂജയുടെ ഭാഗമായി സാധാരണ ചെയ്യുന്ന സാരി അലങ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്‌ളിറ്റര്‍ ഉപയോഗിച്ച് ചുരിദാര്‍ രൂപമാണ് രാജ ഗുരുക്കള്‍ നല്‍കിയത്. അദേഹം തന്നെ ഇതിന്റെ ചിത്രമെടുത്ത് വാട്‌സാപ്പില്‍ ഇടുകയും ചെയ്തു.

ഇത് വൈറലാകുകയും ചെയ്തു. അലങ്കാരം കണ്ട് ഞെട്ടിയ ഭക്തര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പൂജാരിമാരെ പുറത്താക്കിയത്. ആയിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് വിഗ്രഹം. കാശിക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം. ആറു മാസങ്ങള്‍ക്ക് മുമ്പാണ് പിതാവിനെ സഹായിക്കാന്‍ രാജ ഗുരുക്കള്‍ ക്ഷേത്രത്തില്‍ എത്തിയത്.