ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസെന്ന് രേഖകള്‍

single-img
6 February 2018

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാ കുറ്റത്തിന് കേസുള്ളതായി കോടതി രേഖകള്‍. ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രണ്ടേല്‍കാല്‍ ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഒരു സ്വകാര്യ കമ്പനി നല്‍കിയ പരാതിയില്‍ ബിനീഷിനെ രണ്ടു മാസത്തെ തടവിന് ശിക്ഷിച്ചിട്ടുമുണ്ട്. 2015ല്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് കോടതി ശിക്ഷ വിധിച്ചത്.

ബാങ്കില്‍ നിന്ന് അറുപതിനായിരം ദിര്‍ഹം വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതാണ് ബിനീഷിനെതിരെയുള്ള മറ്റൊരു കേസ്. ഈ കേസില്‍ മൂവായിരം ദിര്‍ഹം ബിനീഷ് പിഴ അടയ്ക്കുകയും ചെയ്തു. ദുബായിലെ ക്രഡിറ്റ് കാര്‍ഡ് കമ്പനിയ്ക്ക് പണം നല്‍കാതിരുന്നതാണ് ബിനിഷിനെതിരെയുള്ള മൂന്നാമത്തെ കേസ്.

മുപ്പതിനായിരം ദിര്‍ഹം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കമ്പനി ഖിസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ദുബായിലെ ബാങ്കില്‍ നിന്ന് അഞ്ചേകാല്‍ ലക്ഷം ദിര്‍ഹം ലോണെടുത്ത് തിരിച്ചടച്ചില്ലെന്ന പരാതിയില്‍ ഇപി ജയരാജന്റെ മകന്‍ ജതിന്‍ രാജിനെതിരെയും കേസുണ്ട്.

ഈ കേസില്‍ മൂന്നു മാസത്തെ തടവിന് ജതിന്‍ രാജിനെ ദുബായ് കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ അറ്റ്‌ലസ് രാമചന്ദ്രനെ സഹായിക്കാനാണ് ഈ ലോണ്‍ എടുത്തതെന്നാണ് ഇ.പി.ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത്.

തന്റെ മകന്‍ ഒരു ബാങ്കില്‍ നിന്നും പണം കടമെടുത്തിട്ടില്ല. അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവ് അരുണിനെ സഹായിക്കുക മാത്രമാണ് ചെയ്തത്. മകന്‍ ഗള്‍ഫില്‍ റോയല്‍ ഡീസല്‍ എന്ന കമ്പനി നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് അരുണ്‍ പറഞ്ഞു.

അങ്ങനെ മകന്‍ ഒരു ചെക്ക് നല്‍കി. ആ ചെക്ക് കൊണ്ടുപോയി ബാങ്കില്‍ നിന്ന് പണമെടുത്തു. പണം പിന്‍വലിച്ചതിനെ മകന്‍ ചോദ്യം ചെയ്തപ്പോള്‍ അരുണിന്റെ ഭാര്യയുടെ പേരിലുള്ള ചെക്ക് തന്നു. അത് ബാങ്കില്‍ കൊടുത്തപ്പോള്‍ പണമില്ലാതെ മടങ്ങി. അറ്റ്‌ലസ് രാമചന്ദ്രനും മകളും മരുമകനും ജയിലിലായി. ചെയ്യാത്ത കുറ്റത്തിനാണ് തന്റെ മകനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

കടപ്പാട്: മനോരമന്യൂസ്