ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ആം ആദ്മിക്കാരും

single-img
6 February 2018


ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിനെ എതിര്‍ത്ത് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിലപാടാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഭരണഘടനയുടെ 48 ാം വകുപ്പ് പ്രകാരം പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലി വര്‍ഗങ്ങളെ കശാപ്പില്‍ നിന്ന് രക്ഷിക്കേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാറിന് കീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ബീഫ് തിന്നുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് ഗൗരവ് ജെയ്ന്‍ എന്ന നിയമവിദ്യാര്‍ഥി കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാരല്ല ഒരു വ്യക്തി എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടുന്നു.