സ്വത്ത് എഴുതിനല്‍കിയില്ല: മകന്റെ മര്‍ദനമേറ്റ് അച്ഛന്റെ വാരിയെല്ലു തകര്‍ന്നു

single-img
5 February 2018


സ്വത്ത് എഴുതി നല്‍കാത്തതിന്റെ പേരില്‍, സ്വന്തം അച്ഛനോട് മകന്റെ ക്രൂരത. വണ്ണപ്പുറം പുത്തന്‍പുരയില്‍ മാധവനെ (90) ആണ് മകന്‍ ശശി മര്‍ദ്ദിച്ചത്. വിമുക്തഭടനായ മാധവന്റെ ഒമ്പതു മക്കളില്‍ രണ്ടാമത്തെ മകനാണ് ശശി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വണ്ണപ്പുറത്തിന് സമീപം വെണ്‍മറ്റത്തുള്ള തറവാട്ടു വീട്ടില്‍വെച്ചാണ് സംഭവം.

വീട്ടില്‍ അതിക്രമിച്ചെത്തിയ ശശി ഭൂമി എഴുതി നല്‍കണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാധവന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വഴങ്ങാതിരുന്നപ്പോള്‍ കട്ടിലില്‍നിന്ന് കഴുത്തില്‍ പിടിച്ചുയര്‍ത്തി ഭിത്തിയോടുചേര്‍ത്ത് ശ്വാസംമുട്ടിക്കുകയും ചെയ്തു.

കരഞ്ഞപ്പോള്‍ മുഖത്തിടിക്കുകയും നിലത്ത് തള്ളിയിട്ട് ശരീരത്തില്‍ കയറിനിന്ന് ചവിട്ടി മെതിക്കുകയും ചെയ്തു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റൊരു മകനുമാണ് തന്നെ രക്ഷിച്ചതെന്നും മാധവന്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മാധവനെ നാട്ടുകാര്‍ ആദ്യം കാളിയാര്‍ പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.

പോലീസ് പറഞ്ഞതനുസരിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയ കാളിയാര്‍ പോലീസ് ചവിട്ടേറ്റ് വാരിയെല്ലൊടിഞ്ഞ കാര്യവും സ്ഥിരീകരിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കുപോകാന്‍ ഭയമാണെന്നും മാധവന്‍ പറഞ്ഞു.

പത്തേക്കര്‍ സ്ഥലമാണ് മാധവനുണ്ടായിരുന്നത്. 28 സെന്റൊഴികെ ബാക്കിയെല്ലാം മക്കള്‍ക്ക് എഴുതിനല്‍കി. ഇവിടെയാണ് ഭാര്യയുമായി മാധവന്‍ താമസിക്കുന്നത്. ഈ വസ്തു എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ശശി നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാറുമുണ്ടെന്ന് മാധവന്‍ പറഞ്ഞു.