ഇതിലും വലിയ നാണക്കേട് വേറെ എന്തുണ്ട്?; മോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

single-img
5 February 2018

ബംഗളൂരു: പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി ഉയര്‍ന്ന വിശ്വാസ്യതയുള്ള വ്യക്തിയാണെന്നും കര്‍ണാടക സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കോടിക്കണക്കിനു രൂപ സംസ്ഥാനങ്ങള്‍ക്കു നല്‍കിയെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഈ പണമെല്ലാം യഥാര്‍ഥത്തില്‍ എവിടെനിന്നാണ് വരുന്നത്? സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന നികുതിപ്പണം കേന്ദ്രത്തിന് അയച്ചുകൊടുക്കുന്നതാണ് ഇത്.

നമ്മുടെ പണം നമുക്കു തിരിച്ചുതരികായണ് കേന്ദ്രം ചെയ്യുന്നത്, സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് കര്‍ണാടകയ്ക്ക് അനുവദിക്കുന്ന പണത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ 180 ശതമാനം വര്‍ധനവുണ്ടായതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കര്‍ണാടകയില്‍ പ്രസംഗിച്ചിരുന്നു.

യുപിഎ സര്‍ക്കാര്‍ 73,000 കോടി രൂപ നല്‍കിയ സ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഇതുവരെ രണ്ട് ലക്ഷം കോടി രൂപ കര്‍ണാടകയ്ക്കു നല്‍കിയെന്നായിരുന്നു അവകാശവാദം. ഈ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മറുപടി. സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ്. യെഡിയൂരപ്പയെയും സിദ്ധരാമയ്യ വിമര്‍ശിച്ചു.

യെഡിയൂരപ്പയെ അരികിലിരുത്തിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാത്ത് ലോകായുക്തയെ നിയമിക്കാന്‍ പോലും തയാറാകാതിരുന്ന വ്യക്തിയാണ് മോദി. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം യെഡിയൂരപ്പയുടെ തലത്തിലേക്ക് തരം താഴുകയാണ്. ഇതിലും വലിയ നാണക്കേട് വേറെ എന്തുണ്ട്? – സിദ്ധരാമയ്യ ചോദിച്ചു.