പ്രായപൂര്‍ത്തിയായവര്‍ വിവാഹിതരായാല്‍ മാതാപിതാക്കളടക്കം ആര്‍ക്കും അതില്‍ ഇടപെടാനാവില്ല: സുപ്രീം കോടതി

single-img
5 February 2018

പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നു സുപ്രീംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണു സുപ്രധാന നിരീക്ഷണം നടത്തിയത്.

‘മാതാപിതാക്കളോ സമൂഹമോ മറ്റുള്ളവരോ ആരുമായിക്കൊള്ളട്ടെ, അവര്‍ക്കു രണ്ടു പേര്‍ തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാന്‍ അവകാശമില്ല. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും കല്യാണ തീരുമാനത്തിനു പുറത്താണ്’- ദീപക് മിശ്ര പറഞ്ഞു.

ഖാപ്പ് പഞ്ചായത്തുകളെക്കുറിച്ചോ അതുപോലുള്ള മറ്റ് സംവിധാനങ്ങളെ പറ്റിയോ അല്ല പറയുന്നത്. വിവാഹം ചെയ്യാനുളള രണ്ട് വ്യക്തികളുടെ അവകാശത്തെക്കുറിച്ച് മാത്രമാണ്- കോടതി പറഞ്ഞു. ഡല്‍ഹിയില്‍ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലുളവാക്കിയ വേളയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നത്.

23 വയസുകാരിയായ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് അന്‍കിത് സക്‌സേന എന്ന യുവാവിനെ വീടിനടുത്ത് വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഈ കൊലപാതകം കോടതിയില്‍ അഭിഭാഷകന്‍ പരാമര്‍ശിച്ചെങ്കിലും കേസ് പരിഗണനാവിഷയമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കുടുംബത്തിന്റെ ഇഷ്ടത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്ന ചെറുപ്പക്കാര്‍ക്കെതിരെ സ്വയം കോടതി ചമഞ്ഞു വധശിക്ഷ (ദുരഭിമാനക്കൊല) നടപ്പാക്കുന്നതു നിറുത്തലാക്കണം എന്നാവശ്യപ്പെട്ടു സന്നദ്ധ സംഘടന ശക്തി വാഹിനിയാണു ഹര്‍ജി നല്‍കിയത്.