‘കേരള പോലീസ് സ്മാര്‍ട്ടാണ്’: നാല് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി പുറത്തിറക്കി

single-img
5 February 2018

പോലീസ് ഫോണ്‍ നമ്പരുകള്‍ മനസിലാക്കുന്നതിനുള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്കുള്ള നാല് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി കേരള പോലീസ് ഔപചാരികമായി പുറത്തിറക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വഹിച്ചു.

‘ട്രാഫിക് ഒഫന്‍സ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് ഫൈന്‍ റെമിറ്റന്‍സ്’, ‘ഡയല്‍ എ കോപ്പ്’, രക്ഷ’, നോ യുവര്‍ ജൂറിസ്ഡിക്ഷന്‍’ തുടങ്ങിയവയാണ് പുതിയ ആപ്ലിക്കേഷനുകള്‍. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെതന്നെ നിലവില്‍വന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘രക്ഷ’.

പോലീസ് വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായുള്ള ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കും. നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയനിവാരണവും ഈ മൊബൈല്‍ ആപ്പിലുണ്ട്.

എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങള്‍, പോലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും.

പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് തോട്ട്‌റിപ്പിള്‍സ് എന്ന സ്റ്റാര്‍ട്ടപ് ഗ്രൂപ്പാണ് രൂപകല്‍പന നിര്‍വഹിച്ചത്. പോലീസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ ടെക്‌നോളജി വിഭാഗവും വിവിധ സ്റ്റാര്‍ട്ടപ്പുകളുമാണ് മറ്റ് മൂന്ന് ആപ്ലിക്കേഷനുകള്‍ തയാറാക്കിയത്.