കോഴിക്കോട്ടും ആലപ്പുഴയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

single-img
5 February 2018

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളില്‍ കുട്ടികളുടെ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകളും മുന്നറിയിപ്പുകളും വൈറലായി മലയാളികളുടെ ഉറക്കം കെടുത്തുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ടിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കോഴിക്കോട്ട് കക്കോടിയിലും ആലപ്പുഴ പൂച്ചാക്കലിലുമാണ് സംഭവമുണ്ടായത്.

ആലപ്പുഴയിലെ സംഭവത്തെതുടര്‍ന്ന് ആന്ധ്ര അനന്തപുരം വീരബലിപ്പേട്ട സ്വദേശി ചിന്നപ്പ എന്ന 75കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് പണം നല്‍കി പ്രലോഭിപ്പിക്കാനായിരുന്നു ശ്രമം. പക്ഷേ, കുട്ടി ബഹളം വച്ചതോടെ ശ്രമം പാളി. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചിന്നപ്പയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് ബേക്കറി പലഹാരങ്ങളും കളിപ്പാട്ടങ്ങളും കണ്ടത്തെിയതായി പോലീസ് അറിയിച്ചു. കോഴിക്കോട് അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്.

കക്കോടി ചേലപ്പുറം ബിജീഷ്-അപര്‍ണ ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞിനെ അജ്ഞാതന്‍ പിടിച്ചുവാങ്ങുകയായിരുന്നു. അമ്മ ബഹളം വച്ചതോടെ അടുക്കളഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അപര്‍ണയുടെയും കുഞ്ഞിന്‍െറയും മാല പൊട്ടിക്കാനും ഇയാള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.