കോഴിക്കോട് അമ്മയുടെ ചുമലില്‍നിന്ന് ഒരു വയസ്സായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

single-img
5 February 2018

 


സാമൂഹ്യമാധ്യമങ്ങളില്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകളും മുന്നറിയിപ്പുകളും വൈറലായി മലയാളികളുടെ ഉറക്കം കെടുത്തുന്നതിനിടയില്‍ സംസ്ഥാനത്ത് വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കക്കോടിയില്‍ അമ്മയുടെ ചുമലില്‍ നിന്നാണ് ഒരു വയസ്സായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

കക്കോടി ചെലപ്രം കയര്‍ സൊസൈറ്റിക്കു സമീപം വടക്കേപുനത്തില്‍ ബിജീഷിന്റെ മകള്‍ ഒരു വയസ്സുകാരി ആത്മികയെയാണ് ഞായറാഴ്ച രാവിലെ മാതാവ് അപര്‍ണയുടെ ചുമലില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കരയാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചിരുന്നതായി അപര്‍ണ പറഞ്ഞു.

സമീപത്തെ ഭര്‍തൃസഹോദരന്റെ വീട്ടിലേക്ക് ഓടി അപര്‍ണ ഒച്ചവെച്ചതോടെ കുട്ടിയെ വീടിനുപിറകിലെ വഴിയില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നുകളയുകയായിരുന്നു. പിടിവലിക്കിടയില്‍ അപര്‍ണയുടെയും കുഞ്ഞിന്റെയും കഴുത്തിലെ ചെയിന്‍ പൊട്ടി. സമീപത്തെ വീട്ടിലെ മുതിര്‍ന്നവരും ബന്ധുക്കളും നരിക്കുനിയിലെ ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്നതിനാല്‍ വീടുകളിലൊന്നും ആളുകള്‍ ഉണ്ടായിരുന്നില്ല.

ബിജീഷ് അപര്‍ണ ദമ്പതികളുടെ ഏക മകളാണ് ആത്മിക. എലത്തൂര്‍ എസ്‌.െഎ കെ. മുരളീധരെന്റ. നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അപര്‍ണയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന സംശയത്തില്‍ മൂന്നുപേരെ തിരിച്ചറിയാന്‍ വീട്ടിലെത്തിച്ചെങ്കിലും അവരല്ലെന്ന് അപര്‍ണ പറഞ്ഞു.