ജേക്കബ് തോമസിനെതിരെ സർക്കാർ കുറ്റപത്രം നൽകി

single-img
5 February 2018


തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി.പി ജേക്കബ് തോമസിനെതിരെ സർക്കാരിന്റെ കുറ്റപത്രം. നിലവിൽ സസ്‌പെൻഷനിലായ അദേഹത്തെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണിത്. ജേക്കബ് തോമസ് സ്വന്തം പദവിയുടെ അന്തസ് നശിപ്പിച്ചെന്നാണ് ചീഫ് സെക്രട്ടറി പോൾ ആന്റണി തയാറാക്കിയ കുറ്റപത്രത്തിലെ ആരോപണം.

മറ്റ് ഉദ്യോഗസ്ഥർക്ക് മാതൃകയാകേണ്ട വ്യക്തി ഭരണാധികാരികൾ അഴിമതിക്കാരുമായി സന്ധി ചെയ്‌തെന്ന് ആരോപിച്ചത് ഗുരുതരകുറ്റമാണ്. അദേഹത്തിന്റെ പരസ്യ പ്രസ്താവനകൾ സംസ്ഥാനത്തെ ഭരണ സംവിധാനത്തെ തകർക്കാനും ക്രമസമാധാനപാലനത്തിന് ഭംഗമുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതാണ്.

സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ട സ്ഥിതിയാണെന്ന നിലപാടാണ് ജേക്കബ് തോമസിന്റേത് എന്നും കുറ്റപത്രം പറയുന്നു. കുറ്റപത്രത്തിന്മേൽ തുടർനടപടികൾ സ്വീകരിക്കാതിരിക്കാൻ മതിയായ കാരണം 15 ദിവസത്തിനകം വിശദീകരണം നൽകണം.

ഇല്ലെങ്കിൽ കടുത്തനടപടികളുമായി മുന്നോട്ടുപോകും എന്നാണ് ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്. ഓഖി ദുരന്തത്തിന് ശേഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ തിരുവനന്തപുരം പ്രസ്‌ക്‌ളബിൽ പ്രസംഗിച്ചതാണ് സസ്‌പെൻഷനിലേക്ക് വഴിവച്ചത്.

പണക്കാരുടെ മക്കളായിരുന്നു കടലിൽ കുടുങ്ങിയതെങ്കിൽ സമീപനം ഇങ്ങനെ ആകുമായിരുന്നോ എന്നാണ് മുൻ വിജിലൻസ് ഡയറക്ടർ ചോദിച്ചത്. ഇത് കൂടാതെ ഫെയ്‌സ്ബുക്ക് വഴിയും സർക്കാർ ‘വിരോധം’ ജേക്കബ് തോമസ് പുറത്തെടുത്തു എന്നാണ് ആരോപണം.