രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല: തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

single-img
5 February 2018

ബീജിംഗ്: രോഗിയായ മകളുടെ ചികിത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ. ചൈനയിലെ ഷെന്‍യെന്‍ നഗരത്തിലാണ് സംഭവം. ഗ്വാങ്‌സിയില്‍നിന്നുള്ള താങ് എന്ന യുവതിയാണ് തന്റെ കുഞ്ഞിന്റെ ഭാരിച്ച ചികിത്സച്ചെലവിന് വഴികണ്ടെത്താന്‍ മുലപ്പാല്‍ വില്‍ക്കാന്‍ തയ്യാറായത്.

തെരുവില്‍ മുട്ടിലിരുന്ന് മുലയൂട്ടുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രങ്ങള്‍ വിദേശ മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് നല്‍കിയിട്ടുള്ളത്. ‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്.

മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ യുവതിക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍യെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ് താങിന്റെ ഭര്‍ത്താവ്.

ആരോഗ്യ മേഖലയിലെ വന്‍ ചെലവ് കാരണം പാവപ്പെട്ടവര്‍ സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പ്രവണതയാണ് ചൈനയിലുള്ളത്. സര്‍ക്കാര്‍ ക്ഷേമ ഫണ്ടുകള്‍ സമൂഹത്തിലെ താഴേയ്ക്കിടയിലുള്ളവരിലേക്ക് എത്തുന്നതും വിരളമാണ്.