മരുന്നു കൊടുത്ത പാപ്പാന്റെ കൈ ആന കടിച്ചെടുത്തു

single-img
5 February 2018

ആലപ്പുഴ കോലഞ്ചേരിയില്‍ മരുന്നു കൊടുത്ത പാപ്പാന്റെ കൈ ആന കടിച്ചെടുത്തു. വലതുകൈ അറ്റുപോയ, കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുറ്റുവേലി പ്രതാപനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍ എന്ന ആനയെ പ്രതാപന്‍ പാട്ടത്തിനെടുത്തതാണ്.

വീടിനു സമീപത്തെ പറമ്പില്‍ തളച്ചിട്ടിരുന്ന ആന തീറ്റയും മരുന്നും കൊടുക്കുന്നതിനിടെ അക്രമാസക്തനാകുകയായിരുന്നു. മുട്ടിനു മുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കു മാറ്റി.

പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയുടെ സമീപം അറ്റു കിടന്ന കൈ വീണ്ടെടുക്കാനായത്. പിന്നീടു നാട്ടുകാര്‍ കൈ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം, ആന കൈയില്‍ പിടിച്ചുചുഴറ്റിയെറിഞ്ഞപ്പോഴാണ് കൈയറ്റതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.