നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

single-img
5 February 2018

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കുറ്റസമ്മതം നടത്തുന്നതിന്റെ ശബ്ദരേഖയും കൈമാറിയിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരമാണ് തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയത്. മുന്‍പ് കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ കേസിലെ 760 രേഖകള്‍ നല്‍കാന്‍ പൊലീസ് സന്നദ്ധമാകുകയായിരുന്നു. നടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പൊലീസിന് ബാധ്യതുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

നടി നല്‍കിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉള്ളതെന്നും ഓടുന്ന വണ്ടിയില്‍ വെച്ചല്ല പീഡനം നടന്നിരിക്കുന്നതെന്നും മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് രണ്ടാമതും ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും നടിയെ അത് ബാധിക്കുമെന്നും തുടര്‍ന്നുള്ള കേസിന്റെ പുരോഗതിയെ അത് ബാധിക്കുമെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.