ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങി: ചെക്ക് കേസില്‍ ദുബായില്‍ യാത്രാവിലക്ക്

single-img
5 February 2018


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിക്ക്. ബിനോയിയെ ദുബായിലെ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെന്നാണ് വിവരം. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് ബിനോയിയെ തടഞ്ഞത്.

ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. തനിക്കെതിരെ ദുബായില്‍ ഒരു കേസും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൊലീസിന്റെ ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ ബിനോയി ഹാജരാക്കിയിരുന്നു.

13 കോടി രൂപ നല്‍കാനുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബിനോയ് ദുബായിലേക്ക് പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാസ് ടൂറിസം കമ്പനിയുടെ ഉടമസ്ഥനും യു.എ.ഇ പൗരനുമായ ഹസന്‍ ഇസമയില്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയിക്കെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് ബിനോയിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മകന് യാത്രാ വിലക്ക് ഇല്ലെന്ന് കോടിയേരിയും നേരത്തെ പറഞ്ഞിരുന്നു. ബിനോയ് ദുബായിലുണ്ടെന്നും അറബി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്‌ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്.

മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്‍കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.

ബിനോയ് കൊടിയേരിക്കോപ്പം സാമ്പത്തിക ആരോപണം നേരിടുന്ന ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിനാണ് കരുനാഗപ്പള്ളി കോടതി വിലക്കേര്‍പ്പെടുത്തിയത്. രണ്ടു കേസുകളും തമ്മില്‍ ബന്ധമുള്ളതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കേണ്ടിവരും.

ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന പരാതിക്കാരാനായ യു എ ഇ പൗരന്‍ മര്‍സുഖി അറിയിച്ചു. ശ്രീജിത്തിനെതിരായ കേസുകള്‍ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബ്ബ്കളിലും മാധ്യമ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.