‘ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല’, വാര്‍ത്ത സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി

single-img
5 February 2018


സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. യാത്രാവിലക്ക് ഉണ്ടെന്നുള്ളത് വാസ്തവമാണെന്നു പറഞ്ഞ ബിനീഷ് 13 കോടി രൂപയുടേതാണ് തട്ടിപ്പു കേസെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

ആകെ 1.72 കോടി രൂപയുടെ കേസ് മാത്രമാണ് നിലവിലുള്ളത്. അതിലാണ് കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്ക് ഇല്ല. അത് കൊടുത്തുകഴിഞ്ഞാല്‍ കേസ് തീരും. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല.

മക്കള്‍ക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളുടെയും ചൂണ്ടുവിരല്‍ അച്ഛനെതിരെ നീളുന്നതിനു പിന്നലെ ഗൂഢലക്ഷ്യമെന്താണെന്ന് തങ്ങള്‍ക്കറിയാമെന്നും ബിനീഷ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്കൊണ്ടൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ പാര്‍ട്ടി നേതാക്കളെ പറ്റിയും പാര്‍ട്ടി പ്രവര്‍ത്തനത്തെ പറ്റിയും വിവാദങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. കേസില്‍ രാകുല്‍ കൃഷ്ണയടക്കം ആരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ താന്‍ തയ്യാറല്ലെന്നും ബിനീഷ് പറഞ്ഞു.

ദുബായ് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം എമിഗ്രേഷന്‍ അധികൃതരാണ് ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ദുബായിയിലെ ജാസ് ടൂറിസം കമ്പനി നല്‍കിയ കേസിലാണ് ദുബായ് പോലീസിന്റെ നടപടി.

ഇതോടെ നിലവില്‍ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങി. ബിനോയ്‌യുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസെടുത്തത്.

പത്തുലക്ഷം ദിര്‍ഹം (1.74 കോടി രൂപ) നല്‍കുന്നതിനു പരാജയപ്പെട്ടതിനാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നാണ് നോട്ടിസില്‍ പറയുന്നത്. പണം അടയ്ക്കുകയോ കേസ് തീര്‍പ്പാക്കുകയോ ചെയ്താല്‍ ബിനോയ്‌ക്കെതിരായ യാത്രവിലക്ക് നീക്കാന്‍ സാധിക്കും.

അതേസമയം, യുഎഇ ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്കു പറന്നത്. കേസുകള്‍ അവിടെ ഒത്തുതീര്‍പ്പാക്കുന്നതിനായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ജനുവരി 25നാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബിനോയ് സ്വന്തമാക്കിയത്.

അതിനിടെ, ബിനോയ്‌ക്കെതിരെ കേസ് നല്‍കിയ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി എന്ന യുഎഇ പൗരന്‍ ഇന്നു തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ബിനോയ്‌ക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ കോടതി വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്.

രണ്ടു കേസുകളും തമ്മില്‍ ബന്ധമുള്ളതിനാല്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിക്കേണ്ടി വരുമെന്നു മര്‍സൂഖി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ടെന്നും മകന്‍ ദുബായില്‍ത്തന്നെ ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണു യാത്രാവിലക്കെന്നതും ശ്രദ്ധേയം.