ബലപ്രയോഗത്തിലൂടെ എല്ലാ ‘മോശം കാര്യങ്ങളും’ ചെയ്തുവെന്ന് ഉമ തര്‍മന്‍; ആരോപണം കെട്ടിച്ചമച്ചതെന്ന് ഹാര്‍വി

single-img
4 February 2018

കഴിഞ്ഞ വര്‍ഷം ഹോളിവുഡില്‍ നടന്ന മീ ടു ക്യാംപെയിനില്‍ ഹാര്‍വിക്കെതിരെ പരോക്ഷ ആരോപണമുന്നയിച്ചതിന് ശേഷമാണ് ഉമ തര്‍മന്‍ ന്യൂയോര്‍ക് ടൈംസിലൂടെ ഹാര്‍വിക്കെതിരെ വീണ്ടും ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഉമ തര്‍മന്റെ ആരോപണം ഹാര്‍വി നിഷേധിച്ചു.

1994ല്‍ ഹാര്‍വിയുടെ ഉടമസ്ഥതയിലുള്ള മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മ്മിച്ച പള്‍പ് ഫിക്ഷന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹാര്‍വി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് ഉമ തര്‍മന്‍ ആരോപിച്ചത്. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉമ ഉന്നയിക്കുന്നതെന്നും നടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹാര്‍വിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

തൊഴിലിടത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഉമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്.അറുപത്തഞ്ചുകാരനായ ഹാര്‍വിക്കെതിരെ ഇതിനകം 50ല്‍പരം നടിമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു.

‘പള്‍പ് ഫിക്ഷ’ന്റെ ചിത്രീകരണത്തിനിടെ ലണ്ടനിലെ ഹോട്ടലില്‍ വച്ചാണു തന്നെ പീഡിപ്പിച്ചതെന്ന് നാല്‍പത്തിയേഴുകാരിയായ ഉമ പറയുന്നു. തനിക്കു നേരെ ബലപ്രയോഗത്തിലൂടെ എല്ലാ ‘മോശം കാര്യങ്ങളും’ ചെയ്തു എന്നാണ് ഉമ വ്യക്തമാക്കിയത്.

എന്നാല്‍ 2 ദശാബ്ദക്കാലമായി ഒരുമിച്ച് ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക 25 വര്‍ഷങ്ങള്‍ക്കു ശേഷം എന്തു കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നറിയില്ലെന്നായിരുന്നു ഹാര്‍വിയുടെ പ്രതികരണം. ആരോപണം കെട്ടിച്ചമച്ചതാണെന്നും ഹാര്‍വി പറഞ്ഞു.ഹാര്‍വിയുടെ മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മ്മിച്ച കില്‍ബില്‍ സീരീസ് ചിത്രങ്ങളിലും ഉമ തര്‍മനായിരുന്നു നായിക.