വര്‍ഷം 11 ആയിട്ടും സര്‍ട്ടിഫിക്കറ്റില്ല; മുന്‍ വിദ്യാര്‍ഥി സര്‍വകലാശാലക്ക് തീയിട്ടു

single-img
4 February 2018

വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ 11 വര്‍ഷമായി കാത്തിരുന്നിട്ടും ഫലം കാണാതായപ്പോള്‍ മുന്‍ വിദ്യാര്‍ഥി സര്‍വകലാശാലക്ക് തീയിട്ടു. രാജ്യത്തെ പ്രശസ്തമായ മഹാരാജ സയ്യാജി റാവു സര്‍വകലാശാലയുടെ ആസ്ഥാനത്താണ് പൂര്‍വവിദ്യാര്‍ഥിയുടെ തീക്കളി അരങ്ങേറിയത്. തെലുങ്കാനയിലെ വാറങ്കല്‍ സ്വദേശി ചന്ദ്രമോഹനാണ് സര്‍വകലാശാല ഓഫിസില്‍ പെട്രോളുപയോഗിച്ച് തീയിട്ടത്.

സിന്‍ഡിക്കേറ്റ് അംഗമായ ജിഗര്‍ ഇനാംദാറിന് തലയില്‍ നേരിയ പരിക്കുപറ്റുകയും വി.സിയുടെ ഓഫിസ് ഉള്‍പ്പെടെ രണ്ട് മുറികള്‍ കത്തിനശിക്കുകയും ചെയ്തു. ആദ്യം സര്‍വകലാശാലയുടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ച ചന്ദ്രമോഹനെ പിന്നീട് സയ്യാജിഗഞ്ജ് പോലീസ് അറസ്റ്റ് ചെയ്തു.

സര്‍വകലാശാലയെ 11 വര്‍ഷം മുമ്പ് പിടിച്ചുലച്ച ഒരു വിവാദത്തിന്‍െറ കേന്ദ്രബിന്ദുവാണ് ചന്ദ്രമോഹന്‍. ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന ഇദേഹം നടത്തിയ ചിത്രപ്രദര്‍ശനം ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. അതിന് ശേഷം ചന്ദ്രമോഹന്‍െറ പരീക്ഷഫലം സര്‍വകലാശാല പ്രഖ്യാപിച്ചില്ല.

ഈ കാലയളവില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കുറഞ്ഞത് 40 തവണയെങ്കിലും താന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ചന്ദ്രമോഹന്‍ പറഞ്ഞു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം സര്‍വകലാശാലയില്‍ എത്തിയത്.

എന്നാല്‍, വി.സിയും രജിസ്ട്രാറും സ്ഥലത്തില്ലായിരുന്നു. പരാതി എഴൂതി നല്‍കാന്‍ പറഞ്ഞ് താന്‍ ചന്ദ്രമോഹന് പേപ്പര്‍ നല്‍കിയതായി വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു. സന്ദര്‍ശക മുറിയുടെ സോഫയില്‍ ഇരുന്ന് എഴുതിക്കൊണ്ടിരുന്ന ആള്‍ പെട്ടെന്ന് തന്‍െറ നേരെ തോക്ക് ചൂണ്ടി ബാഗില്‍ നിന്ന് പെട്രോളെടുത്ത് വി.സിയുടെ ചേംബറിന്‍െറ വാതിലില്‍ ഒഴിച്ച് തീയിടുകയായിരുന്നെന്ന് അദേഹം വിശദമാക്കി.

കെട്ടിടം മുഴുവന്‍ പുക നിറഞ്ഞതോടെ ജീവനക്കാര്‍ ഓടിരക്ഷപെടുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. റിസള്‍ട്ട് വന്നിരുന്നെങ്കില്‍ തനിക്ക് ഡിസ്റ്റിങ്ഷന്‍ ലഭിക്കുമായിരുന്നെന്നും സര്‍വകലാശാല ജീവിതം നശിപ്പിച്ചെന്നും ചന്ദ്രമോഹന്‍ പിന്നീട് പ്രതികരിച്ചു.