ദാവൂദ് ഇബ്രാഹിമിന് ലണ്ടനിൽ കോടിക്കണക്കിന് രൂപയുടെ ആസ്തി

single-img
4 February 2018

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന് ലണ്ടനിൽ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.

ഹോട്ടലുകൾ, ബംഗ്ലാവുകൾ, ആഡംബര വസതികൾ, ടവർ ബ്ലോക്കുകൾ തുടങ്ങിയ കോടികൾ മതിക്കുന്ന ആസ്‌തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്. ദാവൂദിന്റെ പ്രവർത്തനങ്ങൾ മക് മാഫിയ എന്ന ബിബിസി പരമ്പരയെ അനുസ്‌മരിപ്പിക്കുന്നതാണെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്.

62 കാരനായ ഈ അധോലോക നായകന്റെ ആസ്തികള്‍ ബ്രിട്ടണില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇന്ത്യ, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതാണ്.

ഇന്ത്യന്‍ അധികൃതര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയ രേഖകളില്‍ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പര്‍ വിവരങ്ങളും പരിശോധിച്ചാണ് ടൈംസ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ദാവൂദിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്താനിലെ മുന്നുവിലാസത്തില്‍ വാങ്ങിയിട്ടുള്ള ആസ്തികള്‍ ബ്രിട്ടണ്‍ മരവിപ്പിച്ചിരിക്കുകയാണ്.