ബിഗ്‌ബോസ് മലയാളത്തിലേക്ക്; മമ്മൂട്ടി അവതാരകന്‍?

single-img
4 February 2018

വിവാദങ്ങളിലൂടെ സുപരിചിതമാണ് ബിഗ്‌ബോസ് ടെലിവിഷൻ ഷോ. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതോടെ സൂപ്പര്‍ഹിറ്റായി മാറിയ ബിഗ്‌ബോസിന്റെ മലയാളം പതിപ്പിന് കളമൊരുക്കുകയാണ് ഏഷ്യാനെറ്റ്. അവതാരകന്റെ കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് ഒളിപ്പിക്കുകയാണ് ചാനല്‍. അതേസമയം മലയാളത്തിന്റെ ബിഗ്ബി മമ്മൂട്ടിയാകും ഷോയുടെ അവതാരകനായി എത്തുകയെന്നാണ് അണിയറസംസാരം.

എന്നാല്‍ മമ്മൂട്ടി സമ്മതം നല്‍കിയിട്ടില്ലെന്നും തുടര്‍ന്ന് ഏഷ്യാനെറ്റ് മോഹന്‍ലാലിനെ സമീപിച്ചതായും വാര്‍ത്തകളുണ്ട്. മിനിറ്റ് ടു വിന്‍ ഇറ്റ് പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ്‌ബോസിനെയും മലയാളത്തിലെത്തിക്കുന്നത്.

ബിഗ്‌ബോസിന്റെ തമിഴ് , തെലുങ്ക് പതിപ്പുകള്‍ ചിത്രീകരിച്ച പൂനെയിലെ സ്റ്റുഡിയോയില്‍ തന്നെയാകും മലയാളം പതിപ്പും ചിത്രീകരിക്കുക. മലയാള സിനിമ സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാകും ചിത്രീകരണം. മുമ്പ് മലയാളി ഹൗസ് എന്ന പേരില്‍ സൂര്യ ടിവി സംപ്രേഷണം ചെയ്ത പരിപാടി വിവാദങ്ങളില്‍ അകപ്പെട്ടതാണ് മമ്മൂട്ടി പരിപാടിയില്‍ അവതാരകനായി എത്താന്‍ മടിക്കുന്നതെന്നും അതല്ല കൈരളി ടിവിയുടെ ഔദ്യോഗിക പദവിയിലിരിക്കുന്ന താരം മറ്റൊരു പ്രമുഖ ചാനലിന്റെ പരിപാടി അവതരിപ്പിക്കുന്നതിലെ ധാര്‍മ്മികതയാണ് അദ്ദേഹത്തെ ചിന്തിപ്പിക്കുന്നതെന്നുമാണ് സംസാരം.

മത്സരാര്‍ത്ഥികള്‍ 100 ദിവസം ഒരുമിച്ച് താമസിക്കുകയും, വിവിധ മത്സരങ്ങളിലൂടെ വിജയിയെ തെരഞ്ഞെടുക്കുകയുമാണ് ബിഗ്‌ബോസിന്റെ രീതി. തമിഴില്‍ ബിഗ്‌ബോസ് ഷോ അവതരിപ്പിച്ചത് ഉലകനായകന്‍ കമല്‍ഹാസനായിരുന്നു.

ചാനല് രംഗത്ത് മത്സരം കടുത്തതോടെയാണ് റേറ്റിംഗ് നിലനിര്‍ത്താന്‍ സകല അടവുകളും പയറ്റാന്‍ ഏഷ്യാനെറ്റ് തീരുമാനിച്ചത്.അതിന്റെ ഭാഗമായാണ് മമ്മൂട്ടിയെ അവതാരകനായി ക്ഷണിച്ചത്. ഏത് സൂപ്പര്‍താരമാകും മലയാളത്തിന്റെ ബിഗ്‌ബോസ് ഷോ അവതരിപ്പിക്കുക എന്ന് കാത്തിരുന്ന് കാണാം.