രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച; 118ന് ഓൾ ഔട്ട്

single-img
4 February 2018

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. 118 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാ വിക്കറ്റും നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ 32.2 ഓവറുകളെ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു. 39 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.

ആദ്യം 23 റണ്‍സെടുത്ത ഹാഷിം അംലയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ 12-ാം ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ (20) ചാഹല്‍ പുറത്താക്കി. അപ്പോള്‍ 51 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ക്യാപ്റ്റന്‍ മര്‍ക്രാമും മില്ലറും ക്രീസ് വിട്ടു. 13-ാം ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലും കുല്‍ദീപ് യാദവാണ് പ്രഹരമേല്‍പ്പിച്ചത്. മര്‍ക്രാം എട്ടു റണ്‍സടിച്ചപ്പോള്‍ മില്ലര്‍ പൂജ്യത്തിന് പുറത്തായി.

ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ സെഞ്ചൂറിയനിലും വിജയം ആവര്‍ത്തിച്ച് ലീഡ് നേടാനാണ് ശ്രമിക്കുന്നത്. ആറു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഡിവില്ലിയേഴ്‌സിന് പിന്നാലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനും പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

രണ്ടു ഏകദിനങ്ങളുടെ മാത്രം അനുഭവസമ്പത്തുള്ള മര്‍ക്രാമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഡുപ്ലെസിസിക്ക് പകരം ഗയാ സോണ്ടോയും ഫെലൂകോവയ്ക്ക് പകരം ടബ്രായിസ് ഷംസിയും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഏകദിനത്തിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്.