രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടനില്‍ നിയമാനുമതി

single-img
3 February 2018

ലണ്ടന്‍: ബ്രിട്ടനില്‍ രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് നിയമാനുമതി. മയോക്ലോണിക് എപിലെപ്‌സി വിത്ത് റാഗ്ഡ് റെഡ് ഫൈബേഴ്‌സ് (എം.ഇ.ആര്‍.ആര്‍.എഫ്.) എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വമായ നാഡീരോഗം ജനിതകമായി മക്കളിലേക്ക് പടരുന്നത് തടയാനാണ് ഈ നടപടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്.എഫ്.ഇ.എ ആണ് ന്യൂകാസില്‍ ഫെര്‍ട്ടിലിറ്റി സെന്ററിന് അനുമതി നല്‍കിയത്.

മനുഷ്യകോശങ്ങള്‍ക്കുള്ളിലുള്ള മൈറ്റോകോണ്‍ട്രിയയിലെ വൈകല്യമാണ് രോഗകാരണം. അമ്മമാരില്‍ നിന്നാണ് മൈറ്റോകോണ്‍ഡ്രിയ മക്കള്‍ക്ക് ലഭിക്കുന്നത്. ഈ രോഗമുള്ളവര്‍ക്ക് ബാല്യത്തിലോ കൗമാരത്തിലോ അപസ്മാരബാധ ആരംഭിക്കുന്നു. ക്രമേണ രോഗിക്ക് സ്വന്തം മാംസപേശികളിലുളള നിയന്ത്രണം നഷ്ടപ്പെടും. തുടര്‍ന്ന് ബധിരത, ഓര്‍മക്കുറവ് എന്നിവയുണ്ടാവും. അകാലത്തില്‍ മരിക്കുകയും ചെയ്യും.

ചികിത്സയുടെ ആദ്യപടി മൈറ്റോകോണ്‍ഡ്രിയല്‍ വൈകല്യമുള്ള അമ്മയുടെ അണ്ഡവും അച്ഛന്റെ ബീജവും ഗര്‍ഭപാത്രത്തിന് പുറത്ത് ബീജസങ്കലനത്തിന് വിധേയമാക്കുകയാണ്. ബീജസങ്കലനം കഴിഞ്ഞ അണ്ഡത്തിന്റെ കോശകേന്ദ്രത്തിലെ ക്രോമോസോമുകള്‍ മാത്രം എടുത്ത് രോഗമില്ലാത്ത സ്ത്രീയില്‍ നിന്നെടുത്ത അണ്ഡത്തില്‍ സ്ഥാപിക്കും. ദാതാവായ ഈ സ്ത്രീയുടെ രോഗമില്ലാത്ത മൈറ്റോകോണ്‍ഡ്രിയ കുഞ്ഞിന് ലഭിക്കാനാണിത്. കോശവിഭജനത്തിലൂടെ ഭ്രൂണവും കുഞ്ഞുമായിമാറുന്ന ഈ അണ്ഡത്തെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതോടെ ചികിത്സയുടെ നടപടി പൂര്‍ത്തിയാവുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന്റെ പ്രധാന ഡിഎന്‍എ യഥാര്‍ഥ മാതാപിതാക്കളുടേതായിരിക്കും.

2016 ഏപ്രില്‍ ആറിന് മെക്‌സിക്കോയിലാണ് ലോകത്ത് ആദ്യമായി ഈ രീതിയില്‍ കുഞ്ഞുപിറന്നത്. അമേരിക്കന്‍ ജനിതക ഡോക്ടറുടെ സഹായത്തോടെ ജോര്‍ദാനിയക്കാരായ ദമ്പതിമാര്‍ മറ്റൊരു സ്ത്രീയുടെ മൈറ്റോകോണ്‍ഡ്രിയ സ്വീകരിക്കുകയായിരുന്നു. നേരത്തെ തന്നെ മെക്‌സിക്കോയില്‍ ഈ പരീക്ഷണത്തിന് നിയമ വിലക്കുകളില്ല.