കാമുകിയുമായി ഒന്നിക്കാന്‍ തീരുമാനിച്ച യുവ ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി

single-img
3 February 2018

അങ്കിത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാമുകിയെ കാത്തുനിന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. 23കാരനായ അങ്കിത് എന്ന യുവാവിനെയാണ് അതിക്രൂരമായി കാമുകിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരന്‍ ഒളിവിലാണ്. ഇയാളെ പൊലീസ് അന്വേഷിച്ചുവരികയാണ്.

20 കാരിയായ പെണ്‍കുട്ടിയുമായി ഫോട്ടോഗ്രാഫറായ അങ്കിത് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വ്യത്യസ്ത സമുദായത്തില്‍പെട്ടവരായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് അങ്കിതിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. അങ്കിതിന്റെ കഴുത്തില്‍ കുത്തേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഇതിനായി പരസ്പരം കാണാന്‍ തീരുമാനിച്ചതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ‘ഞാനും അങ്കിതും കാണാനിരിക്കുകയായിരുന്നു.അതിനിടയ്ക്കാണ് അവന് കുത്തേറ്റത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായാണ് കണ്ടുമുട്ടാന്‍ തീരുമാനിച്ചത്’, പെണ്‍കുട്ടി പറയുന്നു.

മകനെ റോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന വിവരം കേട്ട് അങ്കിതിന്റെ അമ്മ കമലേഷ് ഓടിയെത്തുമ്പോഴാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് ഈ സമയം അങ്കിതിനെ പൊതിരെ തല്ലുന്നതാണ് അങ്കിതിന്റെ അമ്മ കാണുന്നത്. തടയാന്‍ ശ്രമിച്ച അമ്മയെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മയുടെ മുന്നിലിട്ടാണ് അങ്കിതിന്റെ കഴുത്തറുത്ത് അക്രമികള്‍ കൊലപ്പെടുത്തുന്നത്.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയും വാരിയെടുത്ത് സഹായത്തിന് അപേക്ഷിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പൊലീസിനെപോലും വിവരം അറിയിച്ചില്ലെന്നും അങ്കിതിന്റെ അമ്മയും അച്ഛനും പരാതിപ്പെടുന്നു. സഹായത്തിന് അഭ്യര്‍ഥിച്ചപ്പോള്‍ വഴിയില്‍ നിന്ന് നാട്ടുകാര്‍ ഫോട്ടോയെടുക്കുകയാണ് ചെയ്തതെന്നും ഇവര്‍ ആരോപിച്ചു. കയ്യിലുള്ള തുണികൊണ്ട് കഴുത്ത് മുറുക്കി കെട്ടി മകനെ ആശുപത്രിയിലെത്തിക്കാന്‍ അമ്മ കമലേഷ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടുറോഡില്‍ രക്തം വാര്‍ന്ന് അങ്കിത് മരിച്ചു.