അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിങ്

single-img
3 February 2018

ന്യൂസിലൻഡ്: കൗമാര ക്രിക്കറ്റ് ലോകപോരാട്ടത്തിൻറെ ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. 10 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസാണ് ഓസീസിൻറെ സമ്പാദ്യം. ഇശാൻ പോരൽ ആണ് ആദ്യ വിക്കറ്റെടുത്തത്. മാക്സ് ബ്രയൻറ് 14 റൺസെടുത്ത് പുറത്തായി.

രാഹുൽ ദ്രാവിഡിൻറെ ശിക്ഷണത്തിൽ ഇറങ്ങുന്ന ഇന്ത്യൻ പടയ്ക്ക് കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല.

അണ്ടർ 19 ലോക കിരീടത്തിൽ മൂന്നു തവണ വീതം വെന്നിക്കൊടിപാറിച്ച ടീമുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ന് ജയിക്കുന്നവർ കിരീട നേട്ടത്തിൽ റെക്കോർഡുമായി മുന്നിലെത്തും. നിലവിലെ ഫോമിൽ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകൾ. ടൂർണമെന്റിലെ തങ്ങളുടെ അഞ്ച് മത്സരങ്ങളും ജയിച്ചാണ് നീലപ്പട ഫൈനലിലേക്ക് കുതിച്ചത്.

ഉദ്ഘാടന മത്സരത്തിൽ ഇതേ ഓസ്ട്രേലിയയെ 100 റൺസിനാണ് തകർത്തത്. മുഹമ്മദ് കൈഫ്(2002), വിരാട് കോലി (2008),ഉൻമുക്ത് ചന്ദ് (2012)എന്നീ മുൻ ക്യാപ്റ്റൻമാരുടെ പിൻഗാമിയായി കിരീടത്തിൽ മുത്തംവയ്ക്കാനാണ് പൃഥ്വി ഷാ ടീമിനെ നയിക്കുന്നത്. ടീമിലെ ഓരോ അംഗവും മികവുറ്റ പ്രകടനം കാഴ്ചവച്ചാണ് കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യ കുതിച്ചത്.

സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച് ഡി ചാനലുകളിൽ കളി തത്സമയം കാണാം.