ബജറ്റ് പ്രസംഗത്തില്‍ ഐസക് ചൊല്ലിയത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിത

single-img
2 February 2018

ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു…

Posted by Dr.T.M Thomas Isaac on Thursday, February 1, 2018

തിരുവനന്തപുരം: അടുക്കളയില്‍ കഷ്ടപ്പെടുന്ന അമ്മമാരെക്കുറിച്ച് പറയാന്‍ ധനമന്ത്രി കടമെടുത്തത് പ്ലസ്ടുക്കാരി സ്‌നേഹയുടെ അടുക്കള എന്ന കവിതയിലെ വരികള്‍. 2015 ല്‍ ചെര്‍പ്പുളശേരി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാരചനയില്‍ ഒന്നാംസ്ഥാനം കിട്ടിയ ആ കവിത അന്നേ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരി പുരണ്ട് കേടുവന്ന
ഒരു മെഷീന്‍ അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന്.’

അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്കു കഴിഞ്ഞുവെന്ന് മന്ത്രി പറയുന്നു. പാലക്കാട് ജില്ലയിലെ പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ.

കോണ്‍ട്രാക്ടറായ പ്രദീപിന്റേയും അധ്യാപികയായ ഷീബയുടേയും മകള്‍. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളില്‍ ഒരാളാവട്ടെയെന്ന് ബജറ്റ് പ്രസംഗത്തില്‍ ഐസക്ക് സ്‌നേഹയെ ആശീര്‍വദിക്കുന്നുമുണ്ട്.

സുഗതകുമാരി, വിജയലക്ഷ്മി, കെ ആര്‍ മീര, ഇന്ദുമേനോന്‍, സാവിത്രി രാജീവന്‍ തുടങ്ങി വനിതാ എഴുത്തുകാരികളുടെ വരികള്‍ നിറഞ്ഞതായിരുന്നു മന്ത്രി ഐസക്കിന്റെ ബജറ്റ് പ്രസംഗം.